പാക്ക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെ പ്രകീര്‍ത്തിച്ച് ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത്

384

നാഗ്പൂര്‍• കശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാണെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചും നിയന്ത്രണരേഖ കടന്ന് പാക്ക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെ പ്രകീര്‍ത്തിച്ചും ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ദസ്റ പ്രസംഗം. മിര്‍പൂര്‍, മുസാഫറാബാദ്, ഗില്‍ജിത്, ബാല്‍ട്ടിസ്ഥാന്‍ തുടങ്ങി കശ്മീര്‍ സമ്ബൂര്‍ണമായും ഇന്ത്യയുടെ ഭാഗമാണെന്ന് നാഗ്പൂരില്‍ ആര്‍എസ്‌എസ് സ്ഥാപകദിനാചരണത്തില്‍ മോഹന്‍ ഭാഗവത് പറഞ്ഞു.കശ്മീരില്‍ ഉണ്ടാകുന്ന എല്ലാ സംഘര്‍ഷങ്ങള്‍ക്കും കാരണം അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള പ്രകോപനങ്ങളാണ്. അതുകൊണ്ടുതന്നെ, നിയന്ത്രണരേഖ കടന്നുചെന്ന് സൈന്യം നല്‍കിയ തിരിച്ചടി തക്കതാണെന്നും മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു.
സഹിഷ്ണുതയ്ക്കും ഒരതിരുണ്ടെന്ന് പാക്കിസ്ഥാനുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഇന്ത്യന്‍ ൈസന്യം നടത്തിയ മിന്നലാക്രണമെന്നും അദ്ദേഹം പറഞ്ഞു. മോദി ഭരണത്തില്‍ രാജ്യം വികസനത്തിലേക്ക് നീങ്ങുകയാണ്. കശ്മീര്‍ താഴ്വരയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നീങ്ങണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.ഗോരക്ഷകര്‍ നിയമവിധേയമായി പ്രവര്‍ത്തിക്കണമെന്നും മോഹന ഭാഗവത് ആവശ്യപ്പെട്ടു. പശുക്കളെ സംരക്ഷിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളോട് ചേര്‍ന്നു നിന്നാകണം ഗോസംരക്ഷരുടെ പ്രവര്‍ത്തനം. അതേസമയം, മതസ്പര്‍ധ വളര്‍ത്തുന്നവരുമായി ഗോസംരക്ഷകരെ താരതമ്യപ്പെടുത്താനാവില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഗോസംരക്ഷണം രാജ്യത്തിന് ആവശ്യമാണ്. ഒട്ടനവധി കര്‍ഷകരാണ് ഇന്ത്യയില്‍ പശുക്കളെ ആശ്രയിച്ച്‌ കഴിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്തിടെ, ഗോസംരക്ഷണത്തിന്റെ പേരില്‍ നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.

NO COMMENTS

LEAVE A REPLY