പാംപോറില്‍ ഏറ്റുമുട്ടല്‍ അവസാനിച്ചു; രണ്ടു ഭീകരരെ വധിച്ചു

172

ശ്രീനഗര്‍• പാംപോറില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ച ഭീകരരെ തുരത്താനുള്ള സൈനിക നടപടി അവസാനിച്ചു. കെട്ടിടത്തില്‍ ഒളിച്ച രണ്ടു ഭീകരരെ വധിച്ചതോടെയാണ് 56 മണിക്കൂറിലധികം നീണ്ടുനിന്ന സൈനിക നടപടിക്ക് അവസാനമായത്. നടപടിക്കിടെ രണ്ടു സൈനികര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ട രണ്ടു ഭീകരരുടെയും മൃതദേഹങ്ങള്‍ ലഭിച്ചതായി സൈന്യം അറിയിച്ചു.
ശ്രീനഗര്‍-ജമ്മു ദേശീയപാതയിലുള്ള ഒന്‍ട്രപ്രനര്‍ഷിപ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഇഡിഐ) ബഹുനില കെട്ടിടത്തില്‍ തിങ്കളാഴ്ച രാവിലെയാണ് ഭീകരര്‍ കയറിക്കൂടിയത്. ഭീകരരെ പുറത്തുചാടിക്കാന്‍ സൈന്യം മോര്‍ട്ടാര്‍ ഷെല്ലുകളും ചെറു റോക്കറ്റുകളും പ്രയോഗിച്ചതിനെത്തുടര്‍ന്ന് ഭീകരര്‍ ഒളിച്ചിരുന്ന ബഹുനില കെട്ടിടം അസ്ഥികൂടം മാത്രമായി.

സൈനികരുടെ ഭാഗത്ത് ആള്‍നാശം സംഭവിക്കാതിരിക്കാന്‍ പകല്‍ സമയം മാത്രമാണ് സൈന്യം ആക്രമണം നടത്തിയിരുന്നത്.
ഝലം നദിയിലൂടെ ബോട്ടില്‍ എത്തിയാണ് ഭീകരര്‍ കെട്ടിടത്തില്‍ പ്രവേശിച്ചതെന്നാണ് സൂചന. നദിക്കരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബോട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിരുന്നു. ഈ ബോട്ടിന്റെ ഉ‍ടമസ്ഥനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇതേ കെട്ടിടത്തില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഒളിച്ച മൂന്നു ഭീകരരെ 48 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനുശേഷമാണു സൈന്യം വധിച്ചത്. സിആര്‍പിഎഫ് വാഹനത്തിനുനേരെ ആക്രമണം നടത്തിയ മൂന്നു ലഷ്കറെ തയിബ ഭീകരര്‍ ഇഡിഐ കെട്ടിടത്തില്‍ പ്രവേശിക്കുകയായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന 120 പേരെ ഒഴിപ്പിച്ച സുരക്ഷാസേന ഏറ്റുമുട്ടലിനൊടുവില്‍ മൂന്നു ഭീകരരെയും വധിച്ചു. അന്നത്തെ ഭീകരാക്രമണത്തില്‍ രണ്ടു ക്യാപ്റ്റന്‍മാരുള്‍പ്പെടെ അഞ്ചു സൈനികരാണു വീരമൃത്യു വരിച്ചത്. മാസങ്ങള്‍ക്കുശേഷം അതേ കെട്ടിടത്തില്‍ വീണ്ടും ഭീകരര്‍ പ്രവേശിച്ചത് സുരക്ഷാ വീഴ്ചയായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

NO COMMENTS

LEAVE A REPLY