കണ്ണൂര്‍: കണ്ണൂരിലെ ബി ജെ പി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി.കൊലപാതകം സി ബി ഐ അന്വേഷിക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടപ്പോള്‍ കൊലപാതക മത്സരം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ബി ജെ പി, സി പി ഐ എം ദേശീയ നേതൃത്വങ്ങള്‍ക്ക് കത്തയച്ചു.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കണ്ണൂര്‍ ജില്ലയില്‍ കനത്ത സുരക്ഷ തുടരുകയാണ്.
കണ്ണൂരിലെ ക്രമസമാധാനനിലയും ബി ജെ പി പ്രവര്‍ത്തകന്റെ കൊലപാതകവും സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന സര്‍ക്കാറിന് കേന്ദ്രനിര്‍ദേശം. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഇത് മൂന്നാം തവണയാണ് കേന്ദ്രം കണ്ണൂരിലെ സ്ഥിതിഗതികളില്‍ സംസ്ഥാനത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. പിണറായിയില്‍ ബി ജെ പി പ്രവര്ത്തകന് രമിത്തിന്റെ കൊലപാതകം രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച അമിത് ഷാ ഇതില്‍ സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു. ഇത്രയും അക്രമസംഭവങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കാത്തതിലായിരുന്നു പ്രതിപക്ഷനേതാവിന്റെ വിമര്‍ശനം.
അതിനിടെ സംഘര്‍ഷങ്ങള്‍ തുടരാനുളള സാധ്യത കണക്കിലെടുത്ത് കണ്ണൂരില്‍ പൊലീസ് അതീവ ജാഗ്രതയിലാണ്. കൊലപാതകങ്ങളുണ്ടായ കൊളശ്ശേരി, പിണറായി, കതിരൂര്‍ മേഖലകള്‍ ഇപ്പോഴും പൊലീസ് നിയന്ത്രണത്തിലാണ്. ആറ് കമ്ബനി സേനയെ അധികമായി സംഘര്‍ഷമേഖലകളില്‍ വിന്യസിച്ചു. കൊല്ലപ്പെട്ട ബി ജെ പി പ്രവര്ത്തകന് രമിത്തിന്റെ മൃതദേഹം തലശ്ശേരിയിലും പിണറായിയിലും പൊതുദര്‍ശനത്തിന് ശേഷം ചാവശ്ശേരിയില്‍ സംസ്കരിച്ചു. വിലാപയാത്രയില്‍ സംഘര്‍ഷമുണ്ടാകുമെന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. സി പി ഐ എം പ്രവര്ത്തകന് മോഹനന്റെയും രമിത്തിന്റെയും കൊലപാതകങ്ങളില്‍ അന്വേഷണവും തുടരുകയാണ്. പ്രതികളെ തിരിച്ചറിഞ്ഞെന്ന് പറയുന്ന പൊലീസ് ഇതുവരെ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല.