പത്തനംതിട്ട • ഫെയ്സ്ബുക് വഴി അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതികളെ പരാതിക്കാരികളിലൊരാള്‍ പിന്തുടര്‍ന്നു റോഡില്‍ വച്ചു പിടികൂടി പൊലീസിനു കൈമാറി. കോഴഞ്ചേരി സ്വദേശിയായ പെണ്‍കുട്ടി ഡിജിപിയുടെ ഫെയ്സ്ബുക്കില്‍ ആത്മഹത്യാ കുറിപ്പ് എഴുതിയിടാന്‍ കാരണക്കാരനായ ആളും സംഘത്തിലുണ്ടെന്നാണ് സൂചന.പത്തനംതിട്ട പൊലീസ് കൊണ്ടുപോയ മൂന്നു പ്രതികളില്‍ തിരുവനന്തപുരം സ്വദേശി ഷൈജു സുകുമാരനെ രാത്രിയോടെ സൈബര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സുഹൃത്തുക്കളായ അടൂര്‍, കട്ടപ്പന സ്വദേശികള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസ് ഉണ്ടെങ്കിലും തെളിവു ശേഖരിക്കേണ്ടതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.ഇന്നലെ റിങ് റോഡില്‍ ആണു നാടകീയ സംഭവങ്ങള്‍.
കോട്ടയം സ്വദേശിനിയായ യുവതിയും ഭര്‍ത്താവും കാറിലെത്തി പ്രതികള്‍ സഞ്ചരിച്ച വാഹനത്തിനു കുറുകെയിടുകയും പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയുമായിരുന്നു. തന്റെയും പതിമൂന്നുകാരിയായ മകളുടെയും ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍ അപ്‍ലോഡ് ചെയ്തതിനു ഷൈജു സുകുമാരനെതിരെയും അടൂര്‍, കട്ടപ്പന സ്വദേശികള്‍ക്കെതിരെയും കോട്ടയം സ്വദേശിനി ഡിജിപിക്കു പരാതി നല്‍കിയിരുന്നു. ഷൈജുവും അടൂര്‍ സ്വദേശിയായ സുഹൃത്തും വിദേശത്തായിരുന്നതിനാല്‍ ഇതില്‍ നടപടി ഉണ്ടായില്ല.
ഇതിനിടെയാണ് ഡിജിപിയുടെ ഫെയ്സ്ബുക്കില്‍ കോഴഞ്ചേരി സ്വദേശിനിയായ പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പ് എഴുതിയിട്ടത്. ഇതിനും കാരണക്കാരന്‍ ഷൈജുവാണെന്ന് ആരോപണം ഉണ്ടായിരുന്നു. ഡല്‍ഹിയില്‍ താമസിക്കുന്ന രണ്ടു മലയാളി യുവതികളും ഇയാള്‍ക്കെതിരെ സമാനമായ പരാതി നല്‍കിയിട്ടുണ്ട്. ഷൈജുവും സുഹൃത്തും വിദേശത്തുനിന്ന് ഒക്ടോബര്‍ അഞ്ചിനു മുംൈബയിലെത്തിയതറിഞ്ഞു കോട്ടയം സ്വദേശി വീണ്ടും സൈബര്‍ സെല്ലിനെ സമീപിച്ചു.
ഇയാള്‍ തുടര്‍ച്ചയായി വിളിക്കുന്ന നമ്ബറിന്റെ ഉടമയായ പെണ്‍കുട്ടിയെ കണ്ടെത്തിയതോടെ ഇയാളുടെ നീക്കങ്ങള്‍ മനസ്സിലാക്കാനായി. പെണ്‍കുട്ടിയില്‍ നിന്നു കട്ടപ്പന സ്വദേശിയായ സുഹൃത്തിന്റെ വീട്ടിലാണ് ഇയാള്‍ തങ്ങുന്നതെന്നു മനസ്സിലാക്കി കോട്ടയം സ്വദേശിനിയും ഭര്‍ത്താവും അവിടെയെത്തിയെങ്കിലും പ്രതികള്‍ അപ്പോഴേക്കും അവിടെ നിന്നു പോയിരുന്നു. കോട്ടയം കോടിമത റെസ്റ്റ് ഹൗസില്‍ ഇവര്‍ തങ്ങുന്നതായി അറിഞ്ഞു കഴിഞ്ഞ ദിവസം എത്തിയപ്പോള്‍ പ്രതികള്‍ അവിടെ നിന്നു പത്തനംതിട്ടയ്ക്കു പോയതറിഞ്ഞു. തുടര്‍ന്ന് ഇവര്‍ കാറില്‍ പത്തനംതിട്ടയിലെത്തിയപ്പോഴാണ് കല്ലറക്കടവ് ജംക്ഷനു സമീപം റിങ് റോഡില്‍ വച്ചു പ്രതി സഞ്ചരിക്കുന്ന വാഹനം കണ്ടു തടഞ്ഞതും പൊലീസിനെ വിളിച്ചതും.