എച്ച്എല്‍എല്‍ ‘പ്രതീക്ഷാ’ പദ്ധതി : നിര്‍ദ്ധന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

311

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് ഏറ്റെടുത്തിട്ടുള്ള സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എച്ച്എല്‍എല്‍ പ്രതീക്ഷാ ചാരിറ്റബിള്‍ സൊസൈറ്റിയിലൂടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠനത്തിന് സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. 2016-17 അധ്യയന വര്‍ഷത്തില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ്, നഴ്‌സിംഗ്, ബി ഫാം, ഡിപ്ലോമ, ഐടിഐ കോഴ്‌സുകളില്‍ പ്രവേശനം നേടിയ ബിപില്‍ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. കേരളത്തിലെ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കണം അപേക്ഷകര്‍. തിരുവനന്തപുരം സ്വദേശികള്‍ക്ക് മുന്‍ഗണ നല്‍കും.

എംബിബിഎസിന് 30,000 രൂപയും എന്‍ജിനീയറിംഗ്, ബി ഫാം എന്നീ കോഴ്‌സുകളിലേക്ക് 20,000 രൂപയും പ്രതിവര്‍ഷം ലഭിക്കും. നഴ്‌സിംഗ്, ഡിപ്ലോമ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് 10,000 രൂപ വീതവും ഐടിഐ വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ വീതവുമാണ് വാര്‍ഷിക സ്‌കോളര്‍ഷിപ്പായി ലഭിക്കുക.

പഠനനിലവാരത്തിന്റെയും സാമ്പത്തിക പശ്ചാത്തലത്തിന്റെയും അടിസ്ഥാനത്തില്‍ ഓരോ വിഭാഗത്തിലും അഞ്ചു കുട്ടികളെ പദ്ധതിയുടെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കും. ഈ വിദ്യാര്‍ഥികള്‍ തുടര്‍ന്നും സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് ഓരോ വര്‍ഷത്തേയും പഠനനിലവാരം തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കണം. പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയാണെങ്കില്‍ കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതുവരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. പുതുതായി 30 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുക. 7.85 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പാണ് 2015ല്‍ നല്‍കിയത്.

അപേക്ഷാ ഫോം www.lifecarehll.com വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടാതെ എച്ച്എല്‍എല്‍ ഓഫീസുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം അസോസിയേറ്റ് വൈസ് പ്രസിഡന്റ് (എച്ച്ആര്‍), എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്, കോര്‍പ്പറേറ്റ് ആന്‍ഡ് രജിസ്‌റ്റേര്‍ഡ് ഓഫീസ്, എച്ച്എല്‍എല്‍ ഭവന്‍, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തില്‍ നവംബര്‍ 10നു മുന്‍പ് അയയ്ക്കണം.

ജീവനക്കാരുടെ സംഭാവനകളിലൂടേയും എച്ച്എല്‍എല്ലിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുള്ള വിഹിതത്തിലൂടെയുമാണ് പ്രതീക്ഷാ ചാരിറ്റബിള്‍ സൊസൈറ്റിക്കായി ധനം കണ്ടെത്തുന്നത്.

NO COMMENTS

LEAVE A REPLY