പനാജി: ബ്രിക്സ് ഉച്ചക്കോടിയില്‍ പാക്കിസ്താനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘വന്‍തോതില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഭീകരവാദം ഏഷ്യയ്ക്കും യൂറോപ്പിനും വന്‍ ഭീഷണിയാണ്. നിര്‍ഭാഗ്യവശാല്‍ ഈ ഭീകരവാദത്തിന്‍റെ മാതൃത്വം ഇന്ത്യയുടെ അയല്‍ രാജ്യത്തിന് മാത്രം അവകാശപ്പെട്ടതാണ്’ എന്ന് പാക്കിസ്താനെ പേരെടുത്തു പറയാതെ ഇന്ത്യ പറഞ്ഞു.
എട്ടാമത് ബ്രിക്സ് ഉച്ചക്കോടിയില്‍ രാഷ്ട്ര തലവന്മാരുടെ സമ്മേളനത്തിനിടെയായിരുന്നു മോദിയുടെ പരാമര്‍ശം. ഭീകരവാദത്തില്‍ പാക്കിസ്താനെ ഒറ്റപ്പെടുത്താല്‍ അംഗരാജ്യങ്ങളുടെ പിന്തുണ തേടുന്നതിന്‍റെ ഭാഗമായാണ് മോദി പാക് ഭീകരവാദത്തെക്കുറിച്ച് സംസാരിച്ചത്. ലോകത്തെ എല്ലാ ഭീകര സംഘടനകളും ഈ രാജ്യവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ബ്രിക്സ് രാജ്യങ്ങളുടെ സാന്പത്തിക വളര്‍ച്ചയ്ക്ക് ഭീകരത തടസ്സമാണ്. ഭീകരതയ്ക്കെതിരെ പോരാടാന്‍ എല്ലാ ബ്രിക്സ് രാജ്യങ്ങളുടെയും പിന്തുണയുണ്ടാകണമെന്നും മോദി ആവശ്യപ്പെട്ടു. വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് കൊണ്ടു പോകാനാണ് ഇന്ത്യയുടെ ശ്രമമെന്ന് പാരീസ് ഉടന്പടിയില്‍ ഒപ്പു വെച്ചതിനെ സൂചിപ്പിച്ച് മോദി പറഞ്ഞു.