തിരുവനന്തപുരം• വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര സെക്രട്ടറിക്കും കത്തുനല്‍കി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയുന്നതിനു കത്തു നല്‍കിയത്. മറ്റൊന്നും തന്നെ കത്തില്‍ വിശദീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജേക്കബ് തോമസ് 2009-13 കാലയളവില്‍ തുറമുഖ ഡയറക്ടര്‍ ആയിരിക്കെ സര്‍ക്കാരിനു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നുമുള്ള ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കനുസരിച്ചേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതെന്നുമാണ് ജേക്കബ് തോമസ് ഇതിനു മറുപടി പറഞ്ഞത്.