ശ്രീനഗര്‍ • ജമ്മു കശ്മീരില്‍ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഭീകരരുടെ ഒളിത്താവളങ്ങളില്‍ നിന്ന് ചൈനീസ് പതാകകള്‍ കണ്ടെത്തി. ബാരാമുള്ളയിലെ ഒളികേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഭീകരരുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് 44 പേരെ അറസ്റ്റ് ചെയ്തു. ആദ്യമായാണ് കശ്മീരിലെ ഭീകരരുടെ ഒളിക്യാംപുകളില്‍ നിന്നു ചൈനീസ് പതാകകള്‍ കണ്ടെത്തുന്നത്.രഹസ്യവിവരത്തെ തുടര്‍ന്ന് ഒരേസമയം 12 മണിക്കൂറിനുള്ളില്‍ 700 വീടുകളില്‍ നടത്തിയ തിരച്ചിലിലാണ് ഭീകരരുമായി ബന്ധമുള്ള 44 പേരെ അറസ്റ്റ് ചെയ്തത്. ഈ തിരച്ചിലിനിടെയാണ് ചൈനീസ് പതാകകള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ സുരക്ഷ ശക്തമാക്കിയെന്നും ഇത്തരം പരിശോധനകള്‍ തുടരുമെന്നും സൈനിക വക്താവ് അറിയിച്ചു. വലിയ തോതില്‍ പെട്രോള്‍ ബോംബുകള്‍, ചൈനീസ്-പാക്ക് പതാകകള്‍, ലഷ്കറെ തയിബയുടെയും ജയ്ഷെ മുഹമ്മദിന്റെയും ലെറ്റര്‍പാഡുകള്‍, മൊബൈല്‍ ഫോണുകള്‍, രാജ്യവിരുദ്ധ ലഘുലേഖകള്‍ എന്നിവയാണ് ബാരാമുള്ളയിലെ ഭീകരരുടെ ഒളിത്താവളങ്ങളില്‍ നിന്നു കണ്ടെത്തിയത്. സൈന്യം, ബിഎസ്‌എഫ്, പൊലീസ്, സിആര്‍പിഎഫ് എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. ബാരാമുള്ളയില്‍ ഭീകരര്‍ സുരക്ഷിതമെന്നു കരുതുന്ന പത്തിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയതെന്ന് സൈനിക വക്താവ് അറിയിച്ചു.