ജയലളിതയുടെ ഫോട്ടോ വെച്ച്‌ തമിഴ്നാട്ടില്‍ മന്ത്രിസഭാ യോഗം

185

ചെന്നൈ • ജയലളിതയുടെ ചിത്രം മുന്നില്‍വച്ച്‌, മുഖ്യമന്ത്രിയുടെ ചുമതല വഹിക്കുന്ന ഒ. പനീര്‍സെല്‍വത്തിന്റെ അധ്യക്ഷതയില്‍ തമിഴ്നാട്ടില്‍ മന്ത്രിസഭാ യോഗം. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം ആദ്യമായാണ് മന്ത്രിസഭായോഗം ചേര്‍ന്നത്. മന്ത്രിസഭയിലെ 32 പേര്‍ പങ്കെടുത്ത യോഗം രാവിലെ 9.30 നു തുടങ്ങി 10.30 ന് അവസാനിച്ചു. കാവേരി വിഷയമാണ് മുഖ്യ അജന്‍ഡയായത്. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തോളം പ്രത്യേക ഒാഫിസര്‍മാരെ നിയമിച്ച കാര്യവും ചര്‍ച്ചയായി. ഏതാനും ദിവസം മുന്‍പാണ് മുഖ്യമന്ത്രി ജയലളിത വഹിച്ചിരുന്ന വകുപ്പുകള്‍ പനീര്‍സെല്‍വത്തിനു കൈമാറി ഗവര്‍ണര്‍ ഉത്തരവിറക്കിയത്. മന്ത്രിസഭാ യോഗങ്ങളില്‍ പനീര്‍ശെല്‍വം അധ്യക്ഷത വഹിക്കുമെന്നും ജയലളിത മുഖ്യമന്ത്രിയായി തുടരുമെന്നും ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നു. ജയലളിത സുഖംപ്രാപിച്ച്‌ ചുമതലകള്‍ ഏറ്റെടുക്കുന്നതുവരെയാണ് ഈ ക്രമീകരണം. ആഭ്യന്തരം, റവന്യൂ, പൊതുഭരണം തുടങ്ങിയവയാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍.
കഴിഞ്ഞ മാസം 22 നാണ് കടുത്ത പനി മൂലം ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദേശത്തു നിന്നുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ജയയെ പരിശോധിക്കുന്നത്. രണ്ടു ദിവസത്തിലൊരിക്കല്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടിരുന്നെങ്കിലും ഒരാഴ്ചയായി ഒരു വിവരവും ആശുപത്രിയില്‍നിന്ന് അറിയിച്ചിട്ടില്ല. ഒക്ടോബര്‍ 10ന് ആയിരുന്നു അവസാന ബുള്ളറ്റിന്‍. ശ്വസനസഹായി ഉപയോഗിക്കുന്നതായും ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്നതായുമാണ് അന്ന് അറിയിച്ചത്.

NO COMMENTS

LEAVE A REPLY