ഇറ്റാനഗര്‍ • അരുണാചല്‍പ്രദേശില്‍ മുഖ്യമന്ത്രിയായിരുന്ന കലിഖോ പുള്‍ (47) ആത്മഹത്യ ചെയ്തതാകാനാണു 99 ശതമാനവും സാധ്യതയെന്നു ഡിജിപി എസ്.നിത്യാനന്ദം. ഓഗസ്റ്റ് ഒന്‍പതിനു കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചനിലയിലാണു കലിഖോ പുളിന്‍റെ മൃതദേഹം കണ്ടത്. കലിഖോ പുളിന്‍റെ ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് ഗുവാഹത്തിയിലുള്ള ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നു കഴിഞ്ഞയാഴ്ചയാണു ലഭിച്ചത്. ഈ റിപ്പോര്‍ട്ടിന്‍റെയും സാഹചര്യത്തെളിവുകളുടെയും പശ്ചാത്തലത്തിലാണു ഡിജിപിയുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിസ്ഥാനത്തു നിന്നു സ്ഥാനഭ്രഷ്ടനാക്കിയ ജൂലൈ 13ന്റെ സുപ്രീം കോടതി വിധിയില്‍ പുള്‍ ഖിന്നനായിരുന്നുവെന്നു പറയുന്നു. അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കോടതിക്കു സമര്‍പ്പിക്കുമെന്നും പൊലീസ് പറഞ്ഞു. മരണം സംബന്ധിച്ച ദുരൂഹതയ്ക്ക് ആക്കംകൂട്ടിയത് പുളിന്റെ മൃതദേഹത്തിനു സമീപത്തുനിന്നു ലഭിച്ച ‘മൈ തോട്സ്’ എന്ന 60 പേജുള്ള കത്താണ്. പുളിനെ പിന്തുണയ്ക്കുന്നവര്‍ മരണകാരണം കണ്ടെത്താന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രക്ഷോഭം നടത്തിയിരുന്നു.