ന്യൂഡല്‍ഹി: പ്രസിദ്ധ സൂഫി ആരാധനാലയമായ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പൂര്‍ണമായും പ്രവേശനം നല്‍കാമെന്ന് ദര്‍ഗയുടെ നടത്തിപ്പുകാരായ ട്രസ്റ്റ്. നാലാഴ്ചക്കകം സ്ത്രീകള്‍ക്കും സൂഫി സന്യാസിയുടെ ഖബര്‍സ്ഥാന് സമീപത്തേക്ക് പ്രവേശനം അനുവദിക്കാമെന്ന് ട്രസ്റ്റ് സുപ്രീംകോടതിയെ അറിയിച്ചു. സ്ത്രീകള്‍ക്ക് ദര്‍ഗയ്ക്കകത്തേക്ക് പ്രവേശനം നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനായാണ് നാലാഴ്ച സമയം ട്രസ്റ്റ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ആഗസ്തിലാണ് ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് സമരങ്ങള്‍ നടന്നത്. തുടര്‍ന്ന് ദര്‍ഗയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് നിയമ വിരുദ്ധമാണെന്ന് ബോംബേ ഹൈക്കോടതി വിധിച്ചിരുന്നു. 15-ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ഹാജി അലി ദര്‍ഗയില്‍ പുരുഷന്‍മാരേപ്പോലെ തന്നെ ആരാധന നടത്താന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ട് ദേശീയ തലത്തില്‍ സമരങ്ങള്‍ നടന്നിരുന്നു.