ഫോണില്‍ക്കൂടി മൂന്നുതവണ തലാഖ് പറഞ്ഞ് നശിപ്പിക്കേണ്ടതാണോ മുസ്ലിം സ്ത്രീകളുടെ ജീവിതം : നരേന്ദ്ര മോദി

191

മഹോബ (ഉത്തര്‍പ്രദേശ്)• മുത്തലാഖ് വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോണില്‍ക്കൂടി മൂന്നുതവണ തലാഖ് പറഞ്ഞ് നശിപ്പിക്കേണ്ടതാണോ മുസ്ലിം സ്ത്രീകളുടെ ജീവിതമെന്നും പ്രധാനമന്ത്രി ചോദിച്ചു. പുരുഷന്‍മാര്‍ക്കൊപ്പം തുല്യാവകാശം കിട്ടാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണം. വോട്ടു ബാങ്കിന്റെ പേരില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്ലിം സ്ത്രീകള്‍ക്ക് സ്വാഭാവികമായ അവകാശങ്ങള്‍ നിഷേധിക്കുന്നത് തന്നെ അദ്ഭുതപ്പെടുത്തുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ മഹോഹ ജില്ലയില്‍ ബുണ്ടേല്‍ഖണ്ഡില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അടുത്തവര്‍ഷം ഫെബ്രുവരി-മാര്‍ച്ച്‌ മാസങ്ങളിലായാണ് യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.

ചിലര്‍ കുടുംബ പ്രശ്നങ്ങളെക്കുറിച്ചും മറ്റുചിലര്‍ അധികാരത്തേക്കുറിച്ചും വ്യാകുലപ്പെടുമ്ബോള്‍, ഉത്തര്‍പ്രദേശിന്റെ വളര്‍ച്ചമാത്രമാണ് ബിജെപിയുടെ ലക്ഷ്യം. ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയേയും മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയേയും പേരെടുത്ത് വിമര്‍ശിച്ച മോദി, ഇരുകൂട്ടരും ഉത്തര്‍പ്രദേശിനെ മാറിമാറി കൊള്ളയടിക്കുകയാണെന്നും കുറ്റപ്പെടുത്തി.
ഇരുകൂട്ടരും മാറിമാറി ഭരിച്ച്‌ ഉത്തര്‍പ്രദേശിനെ ഭരിച്ചുമുടിക്കുകയാണ്. ഭരണം കിട്ടുമ്ബോള്‍ ഇരുകൂട്ടരും സംസ്ഥാന ഖജനാവില്‍ കൈയിട്ടുവാരും. മുന്‍പ് ഭരണത്തിലിരുന്ന എതിരാളി നടത്തിയ കൊള്ളകള്‍ക്കുനേരെ കണ്ണടയ്ക്കുകയും ചെയ്യും. എസ്പി-ബിഎസ്പി, എസ്പി-ബിഎസ്പി എന്നിങ്ങനെ ഇരുകൂട്ടരും സംസ്ഥാനത്തിന്റെ ഭരണചക്രം മാറിമാറി കൈയാളുകയായിരുന്നു. ഇവരുടെ ഭരണകാലത്ത് സംസ്ഥാനം ഒരിക്കലും അതിന്റെ യഥാര്‍ഥ വികസനത്തിലേക്ക് എത്തിയിട്ടുമില്ല. ഇതില്‍കൂടൂതല്‍ നിങ്ങള്‍ അനുഭവിക്കാന്‍ ഇനിയൊന്നുമില്ല – മോദി പറഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പിലെ ഫലമെന്തെന്ന് ഇപ്പോള്‍ത്തന്നെ വ്യക്തമാണ്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്ത് ആവര്‍ത്തിക്കും. അന്ന് ജനങ്ങള്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം നല്‍കിയിരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി. സ്വര്‍ണം വിളയുന്ന നാടാണ് ബുണ്ടേല്‍ഖണ്ഡെന്നും മോദി പറഞ്ഞു. എന്നാല്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് വെള്ളം പോലും കിട്ടുന്നില്ല. ഇന്നും അവര്‍ അനീതി നേരിടുകയാണ്. ബുണ്ടേല്‍ഖണ്ഡില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനായി പണം അനുവദിച്ചിരുന്നു. എന്നാല്‍, പിന്നീട് ഇക്കാര്യത്തില്‍ നീക്കുപോക്കൊന്നും ഉണ്ടായില്ല. ഉത്തര്‍പ്രദേശ് നമ്മുടെ അമ്മയാണ്. ഈ അമ്മയെ കൊള്ളയടിക്കാന്‍ ഇനി ആരെയും അനുവദിക്കില്ലെന്നും മോദി വ്യക്തമാക്കി. നിരവധി പ്രധാനമന്ത്രിമാരെ രാജ്യത്തിന് സംഭാവന നല്‍കിയ നാടാണ് ഉത്തര്‍പ്രദേശ്. ഞാനും ഉത്തര്‍പ്രദേശുകാരനാണെന്ന് നിങ്ങള്‍ക്ക് അവകാശപ്പെടാം. ഇതുവരെ ഇവിടെനിന്ന് ഉണ്ടായിട്ടുള്ള എല്ലാ പ്രധാനമന്ത്രിമാരുംകൂടി ഈ നാടിനായി ചെയ്തതിലും കൂടുതല്‍ താന്‍ ചെയ്യുമെന്നും മോദി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY