ആലുവ : ആലുവ റെയില്‍വെ സ്റ്റേഷനില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ വന്‍ മയക്കുമരുന്ന് വേട്ട. അന്യസംസ്ഥാന തൊഴിലാളിയില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവും ബ്രൗണ്‍ഷുഗറും പിടിച്ചെടുത്തു. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന. ബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നും ട്രെയിനില്‍ കൊണ്ടുവന്ന ലഹരിമരുന്നാണ് എക്സൈസ് സംഘം പിടികൂടിയത്.
മയക്കുമരുന്ന് കടത്തിയ മൂര്‍ഷിദാബാദ് സ്വദേശി സിങ്കുസേക്കിനെ അറസ്റ്റ് ചെയ്തു. അമ്ബതിനായിരം രൂപയോളം വില വരുന്ന ബ്രൗണ്‍ ഷുഗറും ഒന്നരലക്ഷത്തോളം വിലയുള്ള ഒന്നരകിലോ കഞ്ചാവും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ബാഗിലും ശരീരത്തിന്റെ ഭാഗങ്ങളിലും കെട്ടിവച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്.ചോദ്യം ചെയ്യലില്‍ സിങ്കുസേക്കിന്റെ സുഹൃത്തുക്കളും ബന്ധുക്കളും സമാനമായ രീതിയില്‍ പതിവായി മയക്കുമരുന്ന് കടത്താറുണ്ടെന്ന് സമ്മതിച്ചു. ഇതോടെ പരിശോധന കൂടുതല്‍ കര്‍ശനമാക്കാനാണ് എക്സൈസ് വകുപ്പിന്റെ നീക്കം.