ഇടുക്കിയിലെ കട്ടപ്പനക്കടുത്ത് നിർമ്മലാ സിറ്റിയിൽ മാസങ്ങളായി ചികിത്സ നൽകി വന്നിരുന്ന വ്യാജ ഡോക്ടറെ പൊലീസ് അറസ്റ്റു ചെയ്തു. നിർമലാസിറ്റിയിൽ ടെൽമ ഹോമിയോ ക്ലിനിക് നടത്തിയിരുന്ന റ്റി സി സന്തോഷ് ആണ് പിടിയിലായത്. നിർമ്മലാ സിറ്റിയിൽ ആറുമാസമായി ചികിത്സ നടത്തി വരികയായിരുന്നു സന്തോഷ്. ഹോമിയോ ക്ലിനിക്കിക്കിന്റെ ബോർഡ് വച്ച് ഹോമിയോ, ആയുർവ്വേദം, അലോപ്പതി എന്നീ ചികിത്സകളാണ് ഇയാൾ നല്കിയിരുന്നത്. വാഴവര സ്വദേശി സാബു ജോസഫിന്റെ പരാതിയെതുടർന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. കഴിഞ്ഞയിടെ വിഷ ചികിത്സക്ക് എത്തിയ സാബുവിന് ഇഞ്ചക്ഷനും ഗുളികകളും നൽകി. എന്നാൽ ചികിത്സ ഫലിച്ചില്ല. ശാരീരികമായ അസ്വസ്ഥതകളും ഉണ്ടായി. മറ്റൊരിടത്തെ ചികിത്സയെ തുടർന്ന് രോഗം ഭേദമായ സാബു സന്തോഷുമായി ഇക്കാര്യം പറഞ്ഞ് വാക്കേറ്റമുണ്ടായി. നാട്ടുകാരും തടിച്ചു കൂടി. ഈ സമയം അതുവഴി കടന്നുപോയ ജില്ലാ പൊലീസ് മേധാവി എ വി ജോർജ്ജ് സംഭവം അറിഞ്ഞ് ക്ലിനിക്കിൽ പരിശോധന നടത്തി. അലോപ്പതി മരുന്നുകൾ കണ്ടതിനെ തുടർന്ന് കട്ടപ്പന പൊലീസിനോട് വിശദമായ പരിശോധന നടത്താൻ നിർദ്ദേശിച്ചു. പരിശോധനയിൽ നിരവധി ആലോപ്പതി മരുന്നുകൾ പിടിച്ചെടുത്തു. അവിൽ, പോളി ബിയോൺ, ബെറ്റിവെസോൾ തുടങ്ങിയ ഇഞ്ചക്ഷൻ മരുന്നുകളും നിരവധി സിറിഞ്ചുകളും, സൂചികളും വേദന സംഹാരികളടക്കമുള്ള അലോപ്പൊതി മരുന്നുകളും ഇയാളുടെ ക്ലിനിക്കിൽ സൂഷിച്ചിട്ടുണ്ടായിരുന്നു. എം ബി ബി എസ് പഠനമോ യോഗ്യതയോ ഇല്ലാതെയാണ് ഹോമിയോ ക്ലിനിക്കിക്കിന്റെ മറവിൽ അലോപ്പൊതി ചികിത്സ നല്കിയിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.