റാഞ്ചി • ന്യൂസീലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 261 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് ഗപ്റ്റിലിന്റെ അര്‍ധസെഞ്ചുറിയുടെ (72) മികവിലാണ് ഭേദപ്പെട്ട സ്കോര്‍ നേടിയത്. സ്കോര്‍: ന്യൂസീലന്‍ഡ്-260/7 (50).
വില്യംസണ് (41), ലാതം (39), റോസ് ടേലര്‍ (34) എന്നിവരാണ് ന്യൂസീലന്‍ഡ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച ബാറ്റ്സ്മാന്മാര്. ഒന്നാം വിക്കറ്റില്‍ ലാതവും ഗപ്റ്റിലും ചേര്‍ന്ന് നേടിയ 96 റണ്‍സാണ് ന്യൂസീലന്‍ഡ് ടീമിന്റെ നട്ടെല്ല്. ഗപ്റ്റിലിനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ ലാതത്തിന്റെ വിക്കറ്റ് അക്സര്‍ പട്ടേലിനാണ്. കൂറ്റന്‍ സ്കോറിലേക്ക് കുതിക്കുകയായിരുന്ന കിവീസിനെ പിടിച്ചുകെട്ടിയത് ഇന്ത്യന്‍ സ്പിന്നര്‍മാരാണ്.
പത്തോവറില്‍ 38 റണ്‍സ് മാത്രം വിട്ടു നല്കി അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ എട്ടോവര്‍ എറിഞ്ഞ കേദാര്‍ യാദവ് വിട്ടു നല്‍കിയത് 27 റണ്‍സ്. പത്തോവറില്‍ 42 റണ്‍സ് വിട്ടു നല്കി രണ്ടു വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്രയാണ് ഇന്ത്യന്‍ നിരയില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ബോളര്‍. ബൂംറയ്ക്ക് പകരം ടീമില്‍ ഇടം നേടിയ ധവാല്‍ കുല്‍ക്കര്‍ണ്ണിക്ക് കാര്യമായ സംഭാവന നല്കാന് സാധിച്ചില്ല. കൂടാതെ, കിവീസ് ബാറ്റ്സ്മാന്മാരുടെ അടിയുടെ ചൂട് നന്നായി അറിയുകയും ചെയ്തു. ഏഴോവര്‍ പന്തെറിഞ്ഞ കുല്‍ക്കര്‍ണ്ണി 59 റണ്‍സ് വിട്ടു നല്കി ഒരു വിക്കറ്റ് വീഴ്ത്തി. ഇന്ത്യന്‍ നിരയില്‍ ഉമേഷ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ഒരോ വിക്കറ്റ് വീതം നേടി.
അഞ്ചു മല്‍സരങ്ങളുള്ള പരമ്ബരയില്‍ രണ്ടു മല്‍സരങ്ങള്‍ നേടി ടീം ഇന്ത്യ മുന്നിലാണ്. ഈ മല്‍സരം കൂടി ജയിച്ച് പരമ്ബര ഉറപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം. എന്നാല്‍, ഒരു മല്‍സരം മാത്രം ജയിച്ച കിവീസ് നാലം മല്‍സരം തിരിച്ചുപിടിച്ച് അവസാന മല്‍സരം കൂടുതല്‍ ആവേശകരമാക്കാനുള്ള ശ്രമത്തിലാകും.