ചാത്തന്നൂര്‍: വിദ്യാര്‍ഥിയ്‌ക്കെതിരെയുള്ള അച്ചടക്കനടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോളേജ് ഗേറ്റ് പൂട്ടി എസ്.എഫ്.ഐ.യുടെ സമരം. കോളേജിന്റെ പ്രവര്‍ത്തനം സ്തംഭിച്ചതോടെ സ്ഥലത്തെത്തിയ ചാത്തന്നൂര്‍ പോലീസ് എട്ട് വിദ്യാരഥികളെ അറസ്റ്റുചെയ്ത് മാറ്റി. കോളേജിന്റെ ഗേറ്റ് തുറന്നുകൊടുത്തു.
ചാത്തന്നൂര്‍ ശ്രീനാരായണ കോളേജിലാണ് എസ്.എഫ്.ഐ.യുടെ നേതൃത്വത്തില്‍ ഗേറ്റ് പൂട്ടി സമരം നടത്തിയത്. ഇതുമൂലം അധ്യാപകര്‍ക്കോ ജീവനക്കാര്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ കോളേജില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. സമരംചെയ്ത വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി പ്രദേശത്തെ സി.പി.എം. നേതാക്കളുമെത്തി.
ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥി ചാത്തന്നൂര്‍ സ്വദേശി അതുലിനെ കഴിഞ്ഞ 16 നാണ് സ്റ്റാഫ് കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്തത്. 24വരെയാണ് സസ്‌പെന്‍ഷന്‍ കാലയളവ്. കോളേജില്‍ മോശമായി പെരുമാറിയതിനാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു.
എന്നാല്‍ കഴിഞ്ഞദിവസം അതുല്‍ കോളേജിലെ ഒരു അധ്യാപകനെതിരെ ചാത്തന്നൂര്‍ പോലീസില്‍ പരാതി നല്‍കി. അതനുസരിച്ച് അധ്യാപകനെയും പരാതിക്കാരനെയും ചാത്തന്നൂര്‍ പോലീസ് ചൊവ്വാഴ്ച വൈകിട്ട് സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു. അധ്യാപകന്‍ എത്തി സബ് ഇന്‍സ്‌പെക്ടറോട് സംസാരിച്ചെങ്കിലും പരാതിക്കാരന്‍ എത്തിയില്ല.
ബുധനാഴ്ച രാവിലെ ഒരുസംഘം എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കോളേജില്‍ എത്തുകയും പ്രധാന ഗേറ്റ് പൂട്ടുകയുമായിരുന്നു. ഗേറ്റ് പൂട്ടിയതോടെ ആര്‍ക്കും കോളേജില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ പോലീസ് സ്ഥലത്തെത്തിയെങ്കിലും ആദ്യം നടപടികളൊന്നും സ്വീകരിച്ചില്ല. എ.സി.പി. വേലായുധന്‍ നായരുടെ നിര്‍ദ്ദേശപ്രകാരം കൊട്ടിയം സി.ഐ. വി.ജോഷി എത്തി കോളേജ് പ്രവര്‍ത്തനം തടസ്സപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. ചാത്തന്നൂര്‍ എസ്.ഐ. രൂപേഷ് രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് തുടങ്ങിയതോടെ സമരക്കാര്‍ പിന്‍വലിഞ്ഞു. എട്ടുപേരെ അറസ്റ്റുചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് ഇവര്‍ക്ക് ജാമ്യം നല്‍കി വിട്ടയച്ചു.
Courtsy : mathrubhumi