മുംബൈ ഭീകരാക്രമണത്തിന്‍റെ സാക്ഷികളെ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും ഇന്ത്യ സാക്ഷികളെ ഹാജരാക്കുന്നില്ല : പാക്കിസ്ഥാന്‍

202

ലാഹോര്‍• മുംബൈ ഭീകരാക്രമണത്തിന്‍റെ സാക്ഷികളെ കോടതിയില്‍ ഹാജരാക്കാന്‍ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും ഇന്ത്യ ചെവികൊടുക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍. ഇസ്‍ലാമാബാദിലെ ഭീകരവിരുദ്ധ കോടതിയില്‍ കേസ് പരിഗണിക്കവെ, പ്രോസിക്യൂഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ സാക്ഷികളെന്ന് ഇന്ത്യ പറയുന്ന 24 പേരെയാണ് മൊഴിയെടുക്കുന്നതിനായി പാക്കിസ്ഥാനിലേക്കയയ്ക്കാന്‍ അവര്‍ ആവശ്യപ്പെട്ടിരുന്നത്. 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനും ലഷ്കറെ തയിബ നേതാവുമായ സാക്കിയുര്‍ റഹ്മാന്‍ ലഖ്വി നിലവില്‍ പാക്കിസ്ഥാനിലാണുള്ളത്. കേസുമായി ബന്ധപ്പെട്ട് പിടിയിലായെങ്കിലും ജാമ്യം നേടിയ ലഖ്വി, പിന്നീട് ഒളിവില്‍ പോവുകയായിരുന്നു.

സാക്ഷികളെ ഹാജരാക്കുന്ന കാര്യത്തില്‍ ഇപ്പോഴും ഇന്ത്യയുടെ മറുപടി കാത്തിരിക്കുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സാക്ഷികളെ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് പാക്ക് വിദേശകാര്യ മന്ത്രാലയം മാസങ്ങള്‍ക്കുമുന്‍പു തന്നെ ഇന്ത്യയ്ക്ക് കത്തയച്ചിരുന്നു. ഇക്കാര്യം ഓര്‍മപ്പെടുത്തി വീണ്ടും സന്ദേശങ്ങളയച്ചു. എന്നാല്‍, ഇന്ത്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇനിയും പ്രതികരണമറിയിച്ചിട്ടില്ല – പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
കേസിന്‍റെ വിചാരണ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് 24 സാക്ഷികളെയും പാക്കിസ്ഥാനിലെത്തിക്കാന്‍ ആവശ്യപ്പെട്ട് ദക്ഷിണേഷ്യയുടെ ചുമതലയുള്ള ഡയറക്ടര്‍ ജനറലും ഇന്ത്യയ്ക്കെഴുതിയിരുന്നു. എന്നാല്‍, നടപടികള്‍ ഒന്നും ഉണ്ടായില്ല. സാക്ഷികളെ വിസ്തരിക്കാതെ കേസിന്റെ തുടര്‍നടപടികളിലേക്ക് കടക്കാന്‍ നിര്‍വാഹമില്ല. സാക്ഷികളെ കോടതിയില്‍ ഹാജരാക്കാനോ അല്ലെങ്കില്‍ ഈ ആവശ്യം നിരസിക്കാനോ ആവശ്യപ്പെട്ട് ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ സര്‍ക്കാരിന് കത്തയയ്ക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസ് ഇനി നവംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും.

NO COMMENTS

LEAVE A REPLY