തലശേരി: അനധികൃത സ്വത്ത് സമ്ബാദന കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സി ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തലശേരി വിജിലന്‍സ് കോടതിയുടെ ഉത്തരവ്. അന്വേഷണ റിപ്പോര്‍ട്ട് നവംബര്‍ 29-ന് മുമ്പ് കൈമാറണമെന്നും വിജിലന്‍സ് കോടതി കോഴിക്കോട് വിജിലന്‍സ് സെല്ലിനോട് ആവശ്യപ്പെട്ടു. കെ.സി ജോസഫ്, അദ്ദേഹത്തിന്‍റെ ഭാര്യ, മകന്‍ അശോക് ജോസഫ് എന്നിവര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നതാണ് കേസ്. കെ.സി ജോസഫ് മന്ത്രിയായിരുന്ന സമയത്ത് മകന്‍ അശോക് ജോസഫിന്‍റെ ബാങ്ക് അക്കൗണ്ടിലൂടെ ഒന്നര കോടിയുടെ വിനിമയം നടന്നിരുന്നു. ഹെവി ട്രാന്‍സാക്ഷന്‍ എന്നാണ് ഇതുമായി ബന്ധപ്പെട്ട് അന്ന് ബാങ്ക് രേഖപ്പെടുത്തിയിരുന്നത്. ഇതിന്‍റെ സ്രോതസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് വെള്ളിയാഴ്ച കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. തന്‍റെ മകന് വിദേശത്ത് ജോലിയും ശമ്പളവും ഉണ്ടെന്നാണ് ഇതിന് മറുപടിയായി മുമ്ബ് കെ.സി ജോസഫ് പറഞ്ഞതെങ്കിലും ഇക്കാര്യവും അന്വേഷിക്കണമെന്ന് തലശേരി വിജിലന്‍സ് കോടതി ആവശ്യപ്പെട്ടു.