മൊസൂളില്‍ ഐഎസ് ഭീകരര്‍ 8000 കുടുംബങ്ങളെ തട്ടിക്കൊണ്ടുപോയി

175

ജനീവ • മൊസൂള്‍ നഗരം തിരിച്ചുപിടിക്കാന്‍ ഇറാഖ് സേനയുടെ മുന്നേറ്റം ശക്തമായതോടെ, ജനങ്ങളെ കവചമാക്കി ഐഎസ് ഭീകരര്‍ പ്രതിരോധം തുടങ്ങിയതായി റിപ്പോര്‍ട്ട്. നഗരപ്രാന്തങ്ങളില്‍നിന്ന് എണ്ണായിരത്തോളം കുടുംബങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയെന്ന് ഐക്യരാഷ്ട്രസംഘടനാ മനുഷ്യാവകാശ വിഭാഗം അറിയിച്ചു. മനുഷ്യകവചം ആക്കാനായി തട്ടിയെടുത്തവരില്‍ ആയിരക്കണക്കിനു കുട്ടികളും സ്ത്രീകളും ഉണ്ട്. കഴിഞ്ഞ ബുധനാഴ്ച മൊസൂള്‍ നഗരത്തിലും പരിസരങ്ങളിലുമായി ഭീകരര്‍ 231 പേരെ വധിച്ചതായും യുഎന്‍ അറിയിച്ചു. ഇവരില്‍ 190 പേര്‍ ഇറാഖ് സുരക്ഷാസേനയിലെ മുന്‍ ഉദ്യോഗസ്ഥരാണ്. ഐഎസ് ഉത്തരവുകള്‍ അനുസരിക്കാന്‍ വിസമ്മതിച്ച 42 പേരെയും വധിച്ചു. മൊസൂള്‍ നഗരത്തോടു ചേര്‍ന്ന ഗ്രാമങ്ങളില്‍നിന്നും പട്ടണങ്ങളില്‍നിന്നുമാണ് ആളുകളെ ബലമായി ഒഴിപ്പിച്ചു നഗരത്തിനകത്തേക്കു കൊണ്ടുപോയിട്ടുള്ളത്. ഈ മാസം 17ന് ആണ് ഐഎസ് നിയന്ത്രണത്തിലുള്ള മൊസൂള്‍ തിരിച്ചുപിടിക്കാന്‍ ഇറാഖ് സേന സൈനിക നീക്കം ആരംഭിച്ചത്. കുര്‍ദ് പോരാളികളും ഇറാഖ് സൈനികര്‍ക്കൊപ്പമുണ്ട്.

NO COMMENTS

LEAVE A REPLY