ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ മൊസൂളില്‍ ശക്തമായ പോരാട്ടം അഴിച്ചുവിടുമെന്ന് ഇറാഖിലെ ഷിയാ സൈനിക സംഘടനയായ ഹഷീദ് ഷാബി. മൊസൂളിന്റെ പടിഞ്ഞാറന്‍ മേഖലയായ തല്‍ അഫറിലാണ് പോരാട്ടം നടത്തുക. തല്‍ അഫറില്‍ നിന്ന് ഐ.എസിനെ പുറത്താക്കുകയും സിറിയയില്‍ നിന്ന് മൊസൂളിലേക്ക് ജിഹാദികള എത്തിക്കുന്ന റൂട്ട് അടയ്ക്കുകയുമാണ് ലക്ഷ്യമെന്ന് ഹഷീദ് ഷാബി ഗ്രൂപ്പ് വ്യക്തമാക്കി. 2014ലാണ് ഐ.എസ് തല്‍ അഫര്‍ പിടിച്ചെടുത്തത്. അതുവരെ ഷിയ വിഭാഗത്തിന്റെ സന്പൂര്ണ്ണ ആധിപത്യമായിരുന്നു ഈ പട്ടണത്തിലുണ്ടായിരുന്നത്. മൊസൂള്‍ സുന്നി മേഖലയാണെങ്കിലും ഷിയ സൈനികര്‍ ഒരിക്കലും ഇവിടെ കടന്നുകയറിയിരുന്നില്ല. മൊസൂളില്‍ നിന്ന് ഐ.എസിനെ പുറത്താക്കാന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി യു.എസ് വ്യോമസേനയുടെ പിന്തുണയോടെ ഇറാഖി, കുര്‍ദ്ദിഷ് സഖ്യസേനകളും ഏറ്റുമുട്ടല്‍ തുടരുകയാണ്. മൊസൂളിന്റെ ഭൂരിപക്ഷം മേഖലയും ഇവര്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇവിടെ ഇപ്പോഴും പതിനഞ്ചു ലക്ഷം പേര് വസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവരെ ഐ.എസ് മനുഷ്യ കവചങ്ങളായി ഉപയോഗിക്കുമോ എന്ന ആശങ്കയാണ് സൈനിക വിഭാഗങ്ങള്‍ക്കുള്ളത്.