ആലുവ • നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു സഹായിക്കാന്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ വീട്ടുടമയുടെ മകന്‍ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവച്ചു. ബംഗാള്‍ മുര്‍ഷിദാബാദ് ഹനുമന്ത നഗര്‍ സ്വദേശി മൈനുള്‍ ഷെയ്ക്കിനാണ് (40) വെടിയേറ്റത്. ശരീരത്തില്‍ തറച്ച വെടിയുണ്ട നജാത്ത് ആശുപത്രിയില്‍ നീക്കി. ഇതുമായി ബന്ധപ്പെട്ട് ആലുവ സിവില്‍ സ്റ്റേഷന്‍ റോഡ് വിജയ് മന്ദിരത്തില്‍ വിജയ് ബാലകൃഷ്ണനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമത്തിനാണ് കേസ്. മൈനുള്‍ ഷെയ്ക്കിന്‍റെ ശരീരത്തില്‍ മൂന്നു സെന്റിമീറ്റര്‍ ആഴത്തിലാണ് വെടിയുണ്ട തറച്ചത്. നാലു തുന്നിക്കെട്ടുണ്ട്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. പ്രതിയുടെ വീടിന്‍റെ അറ്റകുറ്റപ്പണി കരാറെടുത്തയാളുടെ ജോലിക്കാരനാണ് മൈനുള്‍. പരുക്കേറ്റ മൈനുളിനെ ആശുപത്രിയില്‍ എത്തിച്ചതിന്‍റെ തൊട്ടുപിന്നാലെ വിജയ് അവിടെ ചെന്ന് ‘അവനെ മരുന്നു കുത്തിവച്ചു കൊല്ലണ’മെന്നു പറഞ്ഞു ബഹളമുണ്ടാക്കി. ആശുപത്രിയില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണു വീട്ടുകാര്‍ പൊലീസിനോടു പറഞ്ഞത്. പ്രതിയുടെ വീട്ടുകാര്‍ക്കു പാലക്കാട് ഫാം ഹൗസുണ്ട്. എയര്‍ഗണ്‍ അവിടെയാണ് സൂക്ഷിച്ചിരുന്നത്. ഒരാഴ്ച മുന്‍പ് അമ്മയും സഹോദരിയും പാലക്കാടു പോയപ്പോള്‍ പ്രതി ആവശ്യപ്പെട്ടതനുസരിച്ച് എയര്‍ഗണ്‍ ആലുവയിലെ വീട്ടിലേക്കു കൊണ്ടുവരികയായിരുന്നു. അതിന്‍റെ പിറ്റേന്നു വിജയ് എയര്‍ഗണ്ണുമായി വീടിനടുത്തുള്ള ബവ്റിജസ് കോര്‍പറേഷന്‍റെ മദ്യവില്‍പനശാലയ്ക്കു മുന്നിലെത്തി നിറയൊഴിക്കുമെന്നു ഭീഷണി മുഴക്കിയെന്നു പൊലീസ് പറഞ്ഞു. പ്രതിയെ അടുത്തിടെ ലഹരിവിമുക്ത കേന്ദ്രത്തില്‍ ചികില്‍സിച്ചിരുന്നു. നാലു വര്‍ഷം മുന്‍പു കേരളത്തില്‍ എത്തിയ മൈനുള്‍ ഷെയ്ക് പുക്കാട്ടുപടിയിലാണ് താമസം.