കൊച്ചി: ഹോട്ടലുകൾ കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കായി കൊണ്ടുപോയ മായം കലർന്ന തേയില പരിശോധനയിൽ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗമാണ് നടപടിയെടുത്തത്. എറണാകുളം ജില്ലയിലെ വിവിധ ഹോട്ടലുകളിൽ വ്യാജ തേയില ഉപയോഗിക്കുന്നതായുളള പരാതികൾ വ്യാപകമായതോടെയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനക്കിറങ്ങിയത്. രഹസ്യവിവരത്തെത്തുടർന്നായിരുന്നു നടപടി. അത്താണി ഭാഗത്തു നിന്നെത്തിയ ഓട്ടോയിൽ നടത്തിയ പരിശോധനയിൽ 140 കിലോഗ്രാം വ്യാജ തേയില കണ്ടെത്തി. മായം കലർന്ന തേയില വിൽപ്പനയ്ക്കായി എത്തിച്ച സംഘത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.അങ്കമാലി തവളപ്പാറ കേന്ദ്രീകരിച്ചാണ് മായം കലർന്ന തേയില തയ്യാറാക്കുന്നതെന്നാണ് സൂചന. പിടികൂടിയ തേയില കൂടുതൽ പരിശോധനകൾക്കായി അയച്ചിരിക്കുകയാണ്.