ന്യൂഡല്‍ഹി • സ്ഥാനാര്‍ഥികളുടെ വിദ്യാഭ്യാസ യോഗ്യത എന്തെന്നറിയാന്‍ വോട്ടര്‍മാര്‍ക്കു മൗലികാവകാശമുണ്ടെന്നും ഇക്കാര്യത്തില്‍ തെറ്റായ സത്യവാങ്മൂലം നല്‍കിയാല്‍ പത്രിക തള്ളപ്പെടുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. മണിപ്പൂരില്‍ 2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ഥി പൃഥ്വീരാജ് ജയിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു സുപ്രീം കോടതി. രണ്ടു സ്ഥാനാര്‍ഥികള്‍ മാത്രമേ മത്സരരംഗത്തുള്ളൂവെങ്കില്‍, ജയിച്ചയാളുടെ പത്രിക സ്വീകരിച്ചതു ക്രമപ്രകാരമല്ലെന്നു തെളിഞ്ഞാല്‍, കൂടുതല്‍ തെളിവുകളോ രേഖകളോ ഹാജരാക്കാന്‍ തോറ്റയാള്‍ക്കു ബാധ്യതയില്ലെന്നും ജസ്റ്റിസ് എ.ആര്‍.ദവെ, എല്‍.നാഗേശ്വര റാവു എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വിധിച്ചു.