ന്യൂഡല്‍ഹി• പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ആത്മഹത്യ ചെയ്ത വിമുക്ത ഭടന്റെ കുടുംബാംഗങ്ങളെ കാണാന്‍ ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിയ രാഹുലിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് അകത്തുകടക്കാന്‍ ബലപ്രയോഗം നടത്തിയതിനെ തുടര്‍ന്നാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. വിമുക്ത ഭടന്റെ കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ ശ്രമിച്ച ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയേയും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്താന്‍ ശ്രമിച്ചതിനാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തതെന്ന് ഡല്‍ഹി പൊലീസിലെ അഴിമതി വിരുദ്ധ സേനാ തലവന്‍ എം.കെ. മീണ വ്യക്തമാക്കി. ഡ്യൂട്ടി തടസപ്പെടുത്തുക എന്നതല്ല ജനാധിപത്യത്തിന്റെ അര്‍ഥം. ശക്തി പ്രകടനം നടത്താനുള്ള സ്ഥലമല്ല ആശുപത്രിയെന്ന് നേതാക്കള്‍ മനസിലാക്കണമെന്നും മീണ ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതാക്കളുടെ സന്ദര്‍ശനം ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നതിനാലാണ് ഇവരെ അകത്തുകടക്കാന്‍ അനുവദിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ മനസ്ഥിതി നിമിത്തമാണ് തനിക്ക് വിമുക്ത ഭടന്റെ കുടുംബാംഗങ്ങളെ കാണാന്‍ സാധിക്കാതിരുന്നതെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. എന്തുവിലകൊടുത്തും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കാണും. വിമുക്ത ഭടന്മാരുടെ ആവശ്യമനുസരിച്ച് ഏറ്റവും അര്‍ഥവത്തായ രീതിയില്‍ ഒരേ റാങ്ക്, ഒരേ പെന്ഷന് പദ്ധതി നടപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.