വീടും സ്ഥലവും ജപ്തി ചെയ്യാനെത്തിയ ബാങ്ക് ജീവനക്കാര്‍ക്കും പോലീസിനും മുന്നില്‍ വീട്ടമ്മയുടെ ആത്മഹത്യ ഭീഷണി

181

കൊച്ചി: വായ്പയില്‍ തിരിച്ചടവ് മുടങ്ങിയതോടെ വീടും സ്ഥലവും ജപ്തി ചെയ്യാനെത്തിയ ബാങ്ക് ജീവനക്കാര്‍ക്കും പോലീസിനും മുന്നില്‍ വീട്ടമ്മയുടെ ആത്മഹത്യ ഭീഷണി. കൊച്ചി സ്വദേശിനിയായ ഷൈലജ ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. നാട്ടുകാരുടെ എതിര്‍പ്പും ശക്തമായതോടെ ജപ്തി നടത്താതെ ബാങ്കുകാര്‍ മടങ്ങി. കൊച്ചിയില്‍ കന്പ്യൂട്ടര്‍ സ്ഥാപനം നടത്തിയിരുന്ന ഇവര്‍ 30 ലക്ഷം രുപയാണ് ബാങ്കില്‍ നിന്ന് വായ്പ എടുത്തത്. 50 ലക്ഷം രൂപ നല്‍കാമെന്ന ബാങ്ക് അധികൃതരുടെ ഉറപ്പ് കേട്ടായിരുന്നു സ്ഥാപനം വിപുലമാക്കാന്‍ ഇവര്‍ ശ്രമിച്ചത്. എന്നാല്‍ 30 ലക്ഷം രൂപ മാത്രമായി വായ്പ ചുരുക്കിയതോടെ ഇവര്‍ക്ക് പലരില്‍ നിന്നും പണം പലിശയ്ക്ക് എടുക്കേണ്ടിവന്നു.

കുറച്ചുകാലം തിരിച്ചടവ് നടത്തിയെങ്കിലും സാമ്പത്തിക പ്രതിസന്ധി വന്നതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെ ജപ്തി ചെയ്യുമെന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ നാലു ലക്ഷം രൂപയുടെ ചെക്ക് ബാങ്കില്‍ നല്‍കിയ ഇവര്‍ തിരിച്ചടവിന് സാവകാശം തേടിയിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ ബാങ്ക് അധികൃതര്‍ ‘സര്‍ഫെയ്സി ആക്ട പ്രകാരം ഇന്ന് ജപ്തിക്കെത്തുകയായിരുന്നു. ജപ്തി ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്ന് ഷൈലജ ഭീഷണി മുഴക്കി. ഇവര്‍ക്ക് പിന്തുണയുമായി നേരത്തെ സര്‍ഫെയ്സി ആട്ടിന് ഇരയായ വ്യാപാരികളും അയല്‍വാസികളും എത്തിയതോടെ ബാങ്ക് ജീവനക്കാരും പോലീസും മടങ്ങുകയായിരുന്നു.

NO COMMENTS

LEAVE A REPLY