തൃശ്ശൂരില്‍ കൂട്ടമാനഭംഗത്തിനിടയായ യുവതി സംഭവങ്ങള്‍ കൃത്യമായി വെളിപ്പെടുത്തിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനോ കുറ്റവാളികളെപ്പോലെ കുറ്റകൃത്യം മറച്ചുവയ്ക്കുന്നതില്‍ പങ്കുവഹിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനോ പോലീസ് തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു. ഇന്നലെ മുതല്‍ സംസ്ഥാനത്തെ ഭൂരിപക്ഷം ആളുകളും വിഷയം ഏറ്റെടുത്തെങ്കിലും ഇതുവരെയും ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് പ്രതിഷേധാര്‍ഹമാണ്. എറണാകുളത്തെ ഗുണ്ടാ ആക്രമണക്കേസില്‍ പ്രതിയായ സി.പി.എം. ജില്ലാ കമ്മിറ്റി അംഗത്തെ പാര്‍ട്ടി സംരക്ഷിക്കുന്നതുപോലെ ഈ പ്രതികളെയും സംരക്ഷിക്കുമെന്ന് ആശങ്കയുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പല സ്ത്രീപീഡന കേസുകളും ഒതുക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചുമീ കേസ് സംശയത്തിനതീതമായി അന്വേഷിക്കണം. ഡി.ജി.പി. ഈ കേസ് അന്വേഷിക്കുമെന്ന് പറയുന്നെങ്കിലും ഒരു നടപടിയും ഇനിയുമുണ്ടാകാത്തത് അപലപനീയമാണ്. വേലിതന്നെ വിളവു തിന്നുന്നതുപോലെ പ്രതികള്‍ക്ക് കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.