തെരേസ മേയുടെ ഇന്ത്യന്‍ സന്ദര്‍ശനം നാളെ മുതല്‍

199

ലണ്ടന്‍• ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ഇന്ത്യന്‍ സന്ദര്‍ശനം നാളെ മുതല്‍. മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്ന തെരേസ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും കൂടിക്കാഴ്ച നടത്തും. ബ്രെക്സിറ്റിനുശേഷം ബ്രിട്ടന്റെ പ്രധാനമന്ത്രിക്കസേരയിലെത്തിയ തെരേസ നിരവധി വ്യാപാരകരാറുകള്‍ ലക്ഷ്യമിട്ടാണു യൂറോപ്പിനു പുറത്തെ ആദ്യ സന്ദര്‍ശനം ഇന്ത്യയിലേക്കാക്കിയത്. യൂറോപ്യന്‍ യൂണിയനു പുറത്തുള്ള ഏതെങ്കിലും രാജ്യത്തേക്കു തെരേസ മേയ് നടത്തുന്നു ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്. ബ്രെക്സിറ്റിനുശേഷം സ്വതന്ത്ര വ്യാപരകരാറുകള്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ബ്രിട്ടന്‍ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര-വ്യാപാര പങ്കാളിയായി പരിഗണിക്കുന്ന രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. ഇതു ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാകും പ്രധാനമായും മൂന്നുദിവസത്തെ സന്ദര്‍ശനത്തിലുണ്ടാകുക. സാമ്ബത്തിക – വ്യാപാര സഹകരണത്തിനായുള്ള നിരവധി കൂടിക്കാഴ്ചകള്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായുണ്ടാകും.

ശാസ്ത്ര – സാങ്കേതിക മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ഇന്ത്യ-യുകെ ടെക് ഉച്ചകോടി ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ നിലവിലുള്ള വ്യാപാര ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും പുത്തന്‍ അവസരങ്ങള്‍ക്കു വാതില്‍ തുറക്കാനും ലക്ഷ്യമിട്ടുള്ളതാണു ടെക് ഉച്ചകോടി. കഴിഞ്ഞവര്‍ഷത്തെ നരേന്ദ്ര മോദിയുടെ ബ്രിട്ടീഷ് സന്ദര്‍ശനവേളയില്‍ അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറണുമായി നിശ്ചയിച്ചുറപ്പിച്ചതാണ് ഈ ഉച്ചകോടി. ബ്രെക്സിറ്റിനെത്തുടര്‍ന്ന് കാമറണ്‍ പ്രധാനമന്ത്രിസ്ഥാനം രാജിവച്ചൊഴിഞ്ഞെങ്കിലും മുന്‍ നിശ്ചയപ്രകാരം ഉച്ചകോടിയുമായി സഹകരിക്കാനായിരുന്നു തെരേസയുടെ തീരുമാനം.

NO COMMENTS

LEAVE A REPLY