കണ്ണൂര്‍ • പാപ്പിനിശ്ശേരി ചുങ്കം ദേശീയ പാതയില്‍ സ്വകാര്യബസ് ബൈക്കുമായി കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. പാറക്കടവ് ഷമ്മാസ് വില്ലയില്‍ മുഹമ്മദിന്റെ മകന്‍ ഷമ്മാസ് (16) ആണ് മരിച്ചത്. വളപട്ടണം താജുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹയാത്രികനായ കീച്ചേരി സ്വദേശി ഷിനാദി (19) നെ നിസ്സാര പരുക്കുകളോടെ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 8.45നാണ് അപകടം. കണ്ണൂരില്‍ നിന്ന് പയ്യന്നൂര്‍ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്കൂളിലേക്ക് പോവുന്ന വിദ്യാര്‍ഥി സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിറകിലിരുന്ന ഷിനാദ് തെറിച്ച് റോഡിന് പുറത്ത് വീണു. എന്നാല്‍, ബൈക്ക് ഓടിച്ച ഷമ്മാസിന്റെ കാലിലൂടെ ബസ്സ് കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും 9.30തോടെ ഷമ്മാസ് മരിച്ചു. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: റഹ്മത്ത്, സഹോദരങ്ങള്‍: സഞ്ജു, ഷാനു, റിംഷാന്‍.