ചെറിയ നോട്ടുകള്‍ കിട്ടിയില്ലെങ്കില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് പമ്പുടമകള്‍

167

ന്യൂഡല്‍ഹി• ചെറിയ നോട്ടുകള്‍ കിട്ടിയില്ലെങ്കില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് പമ്പുടമകള്‍. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തെ തുടര്‍ന്നാണ് ചെറിയ നോട്ടുകള്‍ ലഭ്യമാക്കിയില്ലെങ്കില്‍ പമ്പുകള്‍ അടച്ചിടുമെന്ന മുന്നറിയിപ്പ്. ശനിയാഴ്ച രാവിലെ ബാങ്കുകള്‍ പണം നല്‍കിയില്ലെങ്കില്‍ ഉച്ചകഴിഞ്ഞ് പമ്പുകള്‍ അടച്ചിടുമെന്നാണ് ഉടമകള്‍ അറിയിച്ചിരിക്കുന്നത്. അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ ഇപ്പോഴും ചെലവാക്കാന്‍ സാധിക്കുന്ന അപൂര്‍വം സ്ഥാപനങ്ങളിലൊന്നാണ് പെട്രോള്‍ പമ്പുകള്‍. വെള്ളിയാഴ്ച വരെയാണ് പിന്‍വലിച്ച നോട്ടുകള്‍ വാങ്ങാന്‍ പമ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതെങ്കിലും ഇത് തിങ്കളാഴ്ച വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് ചെറിയ നോട്ടുകള്‍ അടിയന്തരമായി ലഭ്യമാക്കണമെന്നും അല്ലെങ്കില്‍ പമ്പുകള്‍ പൂട്ടിയിടേണ്ടി വരുമെന്നുമുള്ള പമ്പുടമകളുടെ മുന്നറിയിപ്പ്. 500, 1000 രൂപാ നോട്ടുകള്‍ അസാധുവായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ രാജ്യവ്യാപകമായി പെട്രോള്‍ പമ്പുകളില്‍ ക്രമാതീതമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ധനമടിക്കുക എന്നതിനേക്കാള്‍ കൈയിലുള്ള 500, 1000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കുക എന്ന ലക്ഷ്യവുമായാണ് ഏറെപ്പേരും പമ്പുകളില്‍ എത്തുന്നത്. പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം നോട്ടുകള്‍ നല്‍കാന്‍ ഏര്‍പ്പെടുത്തിയ സംവിധാനം ഇപ്പോഴും ട്രാക്കിലാകാത്തത് പമ്പുകളെയും ബാധിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY