കേന്ദ്രസര്‍ക്കാര്‍ പരാജയമാണെന്ന് വി.എം.സുധീരന്‍

192

തിരുവനന്തപുരം: കേന്ദ്രഭരണകൂടത്തിന്‍റെ പല നടപടികളും വന്‍പരാജയങ്ങളാണെന്ന് കെ.പി.സി.സി.പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.അതിലൊന്നാണ് നോട്ട് പിന്‍വലിക്കല്‍ നടപടി. കള്ളപ്പണത്തിന് എതിരായുള്ള ആത്മാര്‍ത്ഥമായ ഏത് നടപടിയേയും കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നും സുധീരന്‍ പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രിയുമായിരുന്ന മൗലാന അബുല്‍കലാം ആസാദിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് കെ.പി.സി.സി.യില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

നോട്ട് പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനപ്രകാരം ചെലവിന് പോലും പണമില്ലാതെ സാധരണ ജനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിച്ചിരിക്കുകയാണ്. ആവശ്യമായ മുന്നൊരുക്കം ഫലപ്രദമായ ക്രമീകരണവും ഇല്ലാത്തതിന്‍റെ ഫലമാണ് ഇത്തരമൊരു ദുരവസ്ഥയ്ക്ക് കാരണം. ഈ അവസ്ഥ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതാണ.് സംസ്ഥാന സര്‍ക്കാരിനേയും ജനങ്ങളേയും വിശ്വാസത്തിലെടുത്തുകൊണ്ട് ഈ വിഷമാവസ്ഥയ്ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്നും സുധീരന്‍ പറഞ്ഞു.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും പ്രയാസവുമില്ലാതെ ബാങ്കുകളെ ദേശസാല്‍ക്കരിച്ച നടപടിക്രമങ്ങള്‍ നരേന്ദ്രമോഡിക്ക് മാത്യകയാക്കാമായിരുന്നു.നല്ലകാര്യങ്ങള്‍ പോലും മോശമായിട്ടാണ് നരേന്ദ്രമോഡി നടപ്പിലാക്കുന്നതെന്നും സുധീരന്‍ പരിഹസിച്ചു.ഭരണകൂട വര്‍ഗീയതയുടെ വക്താക്കളാണ് കേന്ദ്രഭരണത്തെ മുന്നോട്ട് നയിക്കുന്നത്. അവര്‍ക്ക് ഭരണകൂടം തന്നെ തണല്‍ നല്‍കുന്നു.വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുന്ന ബ്രട്ടീഷ് ഭരണാധികാരികളുടെ മനസ്സാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെന്നും സുധീരന്‍ പറഞ്ഞു.

ഇന്ത്യയില്‍ ബ്രട്ടീഷ് ഭരണകാലത്ത് അവര്‍ക്കെതിരെ പ്രതികരിച്ച പത്രസ്ഥാപനങ്ങളെ നിരോധിച്ചിരുന്നു. മോദി ഭരണത്തിലും അതിന്റെ തനിയാവര്‍ത്തനം നടക്കുന്നു. കേരളത്തിലും മാധ്യമപ്രവര്‍ത്തകര്‍ അഭിമുഖീകരിക്കുന്ന അവസ്ഥയ്ക്കും മാറ്റമില്ല.കോടതി സംബന്ധമായ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു. മീഡിയാറും തുറക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരാന്‍ ബഹു.ഹൈക്കോടതി തന്നെ മുന്‍കൈ എടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെ പരിവര്‍ത്തനത്തിന് അടിത്തറപാകിയത് മൗലാന അബുല്‍കലാം ആസാദായിരുന്നെന്ന് സുധീരന്‍ അഭിപ്രായപ്പെട്ടു. മതസൗഹാര്‍ദ്ദനത്തിന് വേണ്ടി അദ്ദേഹം എക്കാലവും നിലകൊണ്ടു.മഹാത്മഗാന്ധിജിയാണ് ഏറ്റവും വലിയ ശരിയെന്ന് മൗലാന അബുല്‍കലാം ആസാദ് വിശ്വസിച്ചു.രാജ്യത്തെ പുരോഗതിയിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹം ദീര്‍ഘദൃഷ്ടിയോടെയാണ് പ്രവര്‍ത്തിച്ചത്. കുട്ടികള്‍ക്ക് 14ാം വയസുവരെ നിര്‍ബന്ധിത വിദ്യാഭ്യാസം എന്നനയപരമായ തീരുമാനം മൗലാന അബുല്‍കലാം ആസാദിന്റെ കാലത്താണ് രൂപം കൊണ്ടതെന്നും സുധീരന്‍ അനുസ്മരിച്ചു. മുന്‍മന്ത്രി വി.എസ്. ശിവകുമാര്‍ എം.എല്‍.എ,എം.വിന്‍സന്റ് എം.എല്‍.എ, കെ.പി.സി.സി.ജനറല്‍ സെക്രട്ടറി തമ്പാനൂര്‍രവി,കെ.പി.സി.സി.ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം എന്നിവരും പങ്കെടുത്തു.

NO COMMENTS

LEAVE A REPLY