ന്യൂഡല്‍ഹി • സുപ്രീം കോടതിയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. സൗമ്യവധക്കേസില്‍ ഇന്നലെ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‍യുടെ ബെഞ്ച് കോടതിയലക്ഷ്യ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ഫെയ്സ്ബുക്കില്‍ ജസ്റ്റിസ് കട്‍ജുവിന്‍റെ വിമര്‍ശനം. തന്നെ അപമാനിക്കാന്‍ തീരുമാനിച്ച് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് കട്ജു ആരോപിച്ചു. കേസിലെ പുനഃപരിശോധനാ ഹര്‍ജിയുടെ വാദം കോടതി ആത്മാര്‍ഥതയോടെ അല്ല നടത്തിയതെന്നും കോടതി വെറും നാട്യമാണ് കാണിച്ചതെന്നും കട്ജു പറയുന്നു. തന്‍റെ വാദത്തിലുടനീളം ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തന്നെ പരിഹസിക്കുകയായിരുന്നു. സുപ്രീം കോടതി ജഡ്ജിയായിരുന്ന താന്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‍യെക്കാള്‍ മുതിര്‍ന്ന ആളാണ്. എന്നാല്‍ ആ പരിഗണന പോലും തന്നില്ല. തനിക്കെതിരായ കോടതിയലക്ഷ്യ നടപടി മുന്‍കൂട്ടി നിശ്ചയിച്ചാണ് ജഡ്ജിമാര്‍ കോടതിയിലെത്തിയതെന്നും ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ആരോപിച്ചു.