മലപ്പുറം • ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുപോയ 37,000 രൂപയുടെ കള്ളനോട്ടുകള്‍ ബാങ്ക് അധികൃതര്‍ പിടിച്ചു. മലപ്പുറം കൊണ്ടോട്ടി കൊട്ടുകര സ്വദേശിനി കെ.യു. മറിയുമ്മ (65)യുടെ കയ്യില്‍ നിന്നാണ് കള്ളനോട്ട് ലഭിച്ചത്. ആയിരം അഞ്ഞൂറു രൂപ നോട്ടുകള്‍ നിരോധിച്ചതിനുശേഷം കേരളത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തുകയുടെ കള്ളനോട്ട് പിടികൂടുന്നത്. സ്വന്തം അക്കൗണ്ടിലേക്ക് അടയ്ക്കാനായി 49,500 രുപയുമായി കൊണ്ടോട്ടി എസ്ബിഐ ശാഖയിലെത്തിയതായിരുന്നു സ്ത്രീ. പരിശോധനയില്‍ ആയിരം രൂപയുടെ 37 നോട്ടുകള്‍ വ്യാജനാണെന്ന് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി സ്ത്രീയെ ചോദ്യം ചെയ്തു. ഇവരുടെ മകന്റെ വീടു പണിയുമായി ബന്ധപ്പെട്ട പണമാണെന്നും ഗള്‍ഫിലുള്ള മകന്റെ നിര്‍ദേശ പ്രകാരം ഒരു വ്യക്തി ഏല്‍പ്പിച്ചതാണ് പണമെന്നുമാണ് സ്ത്രീയുടെ മൊഴി. ജോലിക്കാര്‍ക്ക് കൂലി നല്‍കാനും മറ്റു ആവശ്യങ്ങള്‍ക്കും പണം വേണ്ടി വന്നതോടെ കയ്യിലുണ്ടായിരുന്ന 1000, 500 നോട്ടുകള്‍ ബാങ്കില്‍ അടച്ച് മാറ്റിയെടുക്കാന്‍ എത്തിയതായിരുന്നു സ്ത്രീ. ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ വ്യാജനാണെന്നു തിരിച്ചറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീയ്ക്ക് പണം കൈമാറി എന്നു പറയുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.