കള്ളനോട്ടു തടയാനുള്ള മാര്‍ഗം നോട്ടു മരവിപ്പിക്കല്‍ മാത്രമാണെന്നു ഇ.പി.ജയരാജന്‍

175

കണ്ണൂര്‍• കള്ളനോട്ടും കള്ളപ്പണവും തടയാനുള്ള മാര്‍ഗം നോട്ടു മരവിപ്പിക്കല്‍ മാത്രമാണെന്നു സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്‍. പക്ഷേ, ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനുള്ള കരുതല്‍ നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള ഇപ്പോഴത്തെ നടപടി ശരിയാണ്. പക്ഷേ ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്‍റെ ആത്മാര്‍ഥതയാണു ചോദ്യം ചെയ്യപ്പെടുന്നത്. കാബിനറ്റിനെയും പാര്‍ലമെന്റിനെയും ജനങ്ങളെയും വിശ്വാസത്തിലെടുക്കാതെയുള്ള നീക്കം സംശയത്തിനിടയാക്കുന്നു. റിലയന്‍സിനെയും അദാനിയെയും പോലുള്ള വന്‍കിട കോര്‍പറേറ്റുകളെ വിവരം മുന്‍കൂട്ടി അറിയിച്ചെന്നും ആരോപണമുണ്ട്. കഴിഞ്ഞ മൂന്നു മാസങ്ങളില്‍ ബാങ്കുകളിലെ നിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചത് ഇതിന്‍റെ തെളിവാണ്. കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള ഇത്തരം നിലപാടുകള്‍ ഇടതുപാര്‍ട്ടികള്‍ സ്വാഗതം ചെയ്യുന്നുണ്ട്. പക്ഷേ ജനങ്ങളുടെ ദുരിതത്തിനു സര്‍ക്കാര്‍ പരിഹാരം കാണണമെന്നും ജയരാജന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY