ജമ്മു-കാശ്മീര്‍: കഴിഞ്ഞ രാത്രിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പട്ടതായി പാകിസ്താന്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വെടിവെപ്പും ഷെല്ലാക്രമണവും തുടരുകയാണ്. ഇതിനിടയിലാണ് ഞായറാഴ്ച രാത്രി നടന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടത്. ഇന്ത്യന്‍ ആക്രമണത്തില്‍ വന്‍നാശമുണ്ടായാല്‍ അക്കാര്യം തുറന്ന് സമ്മതിക്കുന്ന പതിവ് പാക് സൈന്യത്തിനില്ല.
അതേസമയം പാകിസ്താനെതിരെ എന്ത് തരം ആയുധമാണ് പ്രയോഗിച്ചതെന്ന കാര്യം വെളിപ്പെടുത്താന്‍ ഇന്ത്യന്‍ സൈന്യം തയ്യാറായിട്ടില്ല. പാക് സൈന്യം പ്രകോപനം സൃഷ്ടിച്ചപ്പോള്‍ വേണ്ട രീതിയില്‍ തിരിച്ചടിച്ചുവെന്ന് മാത്രമാണ് സൈന്യം നല്‍കുന്ന വിശദീകരണം. നിയന്ത്രണരേഖയ്ക്ക് സമീപം കാശ്മീരിലെ ഭീംബര്‍ സെക്ടറിലാണ് ഇരുവിഭാഗം സൈനികരും ഇന്നലെരാത്രി ഏറ്റുമുട്ടിയത്. സപ്തംബര്‍ 29-ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നാലക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ മോശമായ അവസ്ഥയിലാണ്. കഴിഞ്ഞ കുറച്ചു കാലമായി നിയന്ത്രണരേഖയിലും അതിര്‍ത്തിയിലും വെടിവെപ്പ് രൂക്ഷമായിട്ടുണ്ട്. 2003-ലെ വെടിനിര്‍ത്തല്‍ കരാര്‍ ഏതാണ്ട് അപ്രസക്തമായ അവസ്ഥയാണ് നിലവിലുള്ളത്.
മുന്‍പ് എതിര്‍പക്ഷത്തെ തകര്‍ക്കാന്‍ വെടിവെപ്പും ഷെല്ലാക്രമണവും മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ പീരങ്കികളും രംഗത്തിറക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം ആന്റി ടാങ്ക് മിസൈലുകള്‍ ഉപയോഗിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെടിവെപ്പില്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ഗൗതം ഭാംവാലേയെ വിളിച്ചു വരുത്തി പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.