ജനാര്‍ദ്ദന റെഡ്ഡിയുടെ മകളുടെ ആഡംബര വിവാഹം; ആദായനികുതി വകുപ്പ് അന്വേഷിക്കും

191

ബംഗലൂരു: പണത്തിനായി സാധാരണക്കാര്‍ നെട്ടോട്ടമോടുമ്ബോള്‍ 500 കോടി രൂപയിലധികം ചെലവഴിച്ച്‌ കര്‍ണാടക മുന്‍ മന്ത്രി ഗലി ജനാര്‍ദ്ദന്‍ റെ‍ഡ്ഡി മകളുടെ വിവാഹം നടത്തുന്നതിനെക്കുറിച്ച്‌ ആദായനികുതി വകുപ്പ് അന്വേഷിക്കുന്നു. ആഡംബര വിവാഹത്തിനുള്ള പണത്തിന്റെ ഉറവിടത്തെക്കുറിച്ചും നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്നുമാണ് ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്. ബംഗലൂരുവിലെ അഭിഭാഷകനായ ടി നരസിംഹ മൂര്‍ത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദായനികുതിവകുപ്പിന്റെ അന്വേഷണം. ഇത്രയും ആഡംബരത്തോടെ വിവാഹം നടത്താനുള്ള പണത്തിന്റെ ഉറവിടം എന്താണെന്നും വന്‍ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് നരസിംഹ മൂര്‍ത്തി ആദായനികുതി വകുപ്പിന് നല്‍കിയ നാലു പേജുള്ള പരാതിയില്‍ പറയുന്നു. അതേസമയം, ആഡംബര വിവാഹത്തിനെതിരെ രൂക്ഷ വിമര്‍ശനമുയരുന്നുണ്ടെങ്കിലും മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ കല്യാണത്തിനെത്തിനെത്തി. പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാറും ജെഡിഎസ് നേതാക്കളും വിവാഹസല്‍ക്കാരത്തിനെത്തിയിരുന്നു. ബംഗലൂരു പാലസ് ഗ്രൗണ്ടില്‍ 150 കോടി രൂപ മുടക്കി പണിത വിജയനഗര സാമ്രാജ്യത്തിന്റെ കൊട്ടാരം മാതൃകയിലുള്ള പന്തലിലാണ് കര്‍ണാടക മുന്‍ മന്ത്രിയും ഖനി വ്യവസായിയുമായ ഗലി ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയുടേയും ഹൈദരാബാദ് വ്യവസായി രാജീവ് റെഡ്ഡിയുടേയും വിവാഹം നടന്നത്. ചടങ്ങില്‍ ബ്രാഹ്മണി അണിഞ്ഞത് പതിനേഴ് കോടി രൂപയുടെയും പട്ട് സാരിയും തൊണ്ണൂറ് കോടി രൂപയുടെ ആഭരണങ്ങളുമാണെന്നാണ് റിപ്പോര്‍ട്ട്. വിവിഐപികള്‍ക്ക് എത്തുന്നതിനായി പ്രത്യേക ഹെലിപാഡുകളും പാലസ് ഗ്രൗണ്ടിനടുത്ത് സജ്ജമായിരുന്നു. കള്ളപ്പണത്തെ നേരിടാനായി നോട്ട് നിരോധനം കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ ബിഎസ് യെദ്യൂരപ്പ മന്ത്രിസഭയില്‍ അംഗമായിരുന്ന റെഡ്ഡിയുടെ കോടികള്‍ പൊടിച്ചുള്ള വിവാഹ മാമാങ്കം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അനധികൃത ഖനന കേസില്‍ അറസ്റ്റിലായ റെഡ്ഡി നാല്‍പത് മാസത്തെ ജയില്‍ വാസത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്.

NO COMMENTS

LEAVE A REPLY