സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്റെ കേന്ദ്രമെന്നു പറയുന്നത് വിവരമില്ലായ്മ കൊണ്ട് : പിണറായി വിജയന്‍

164

തിരുവനന്തപുരം • സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്റെ കേന്ദ്രമെന്നു പറയുന്നത് അസംബന്ധമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് കേന്ദ്രത്തിന്റേത്. ഇതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോനയുണ്ടെന്നു സംശയിക്കുന്നു. ബിജെപി നേതാക്കളുടെ പ്രസ്താവന ഇതിനു തെളിവാണ്. കള്ളപ്പണക്കാര്‍ക്ക് വിളയാടാനുള്ള ഇടമല്ല കേരളത്തിലെ സഹകരണ ബാങ്കുകളെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ബാങ്കുകളില്‍ നിയമപരമായ പരിശോധനകള്‍ക്കു തടസ്സമില്ല. ഇതിനെ ആരും തടഞ്ഞിട്ടുമില്ല. സഹകരണ മേഖലയ്ക്ക് എതിരായ നീക്കത്തില്‍നിന്നും കേന്ദ്രം പിന്മാറണം. സഹകരണ മേഖലയെ സംരക്ഷിക്കാന്‍ നടപടികള്‍ വേണം. സഹകരണ ബാങ്കുകളെ തെറ്റായി ചിത്രീകരിക്കാന്‍ പാടില്ല. സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്റെ കേന്ദ്രമെന്നുള്ള ബിെജപി നേതാക്കളുടെ ആരോപണം വിവരമില്ലായ്മ കൊണ്ടാണ്. സഹകരണ ബാങ്കുകളിലുള്ളത് കള്ളപ്പണമല്ല, സാധാരണ ജനങ്ങളുടെ പണമാണ്. സുഖലോലുപതയും ആഡംബരവും ധൂര്‍ത്തും ധാരാളമുള്ള നാടായതു കൊണ്ടാണു കേരളത്തില്‍ നോട്ടു പിന്‍വലിക്കല്‍ കാരണം ബുദ്ധിമുട്ട് ഉണ്ടായതെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രസ്താവന സിപിഎം അംഗീകരിക്കില്ല. നോട്ട് പ്രതിസന്ധി സംസ്ഥാനത്തിന് ഭീമമായ വരുമാന നഷ്ടമുണ്ടാക്കി. പണം കൈമാറ്റത്തിനുള്ള പുതിയ നിര്‍ദേശങ്ങള്‍ കാരണം ഇതരസംസ്ഥാന തൊഴിലാളികള്‍ ബുദ്ധിമുട്ടുന്നു. നടപടികളില്‍ വിട്ടുവീഴ്ച ചെയ്യണമെന്നു ബാങ്കുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടന പാതയിലെ എടിഎമ്മുകളില്‍ എപ്പോഴും പണം നിറയ്ക്കാനും ബാങ്കുകളോട് ആവശ്യപ്പെട്ടു. തോട്ടംതൊഴിലാളികളുടെ കൂലി വിതരണം കലക്ടര്‍മാര്‍ നടത്തും. ഇതിനായി തൊഴിലുടമ തുക മുഴുവന്‍ കലക്ടര്‍ക്ക് നല്‍കണം. എല്ലാ ട്രഷറികളിലും കറന്‍സി എക്സ്ചേഞ്ച് കൗണ്ടറുകള്‍ തുറക്കും- പിണറായി പറഞ്ഞു.

NO COMMENTS

LEAVE A REPLY