ആറന്‍മുള വിമാനത്താവളത്തിന്‍റെ കാര്യത്തില്‍ ഇടതുമുന്നണി മന്ത്രിസഭയ്ക്ക് പറ്റിയ തെറ്റ് ഇനി പുതിയൊരു വിമാനത്താവളത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാരിന് ഉണ്ടാകരുതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. അനിവാര്യമായ പഠനങ്ങളോ പരിശോധനകളോ ഇല്ലാതെ മുന്‍ എല്‍.ഡി.എഫ്. മന്ത്രിസഭ ആറന്‍മുള വിമാനത്താവളത്തിന് തത്വത്തില്‍ അനുമതി നല്‍കിയതോടെയാണ് വിവാദം ആരംഭിച്ചത്. അന്ന് മുതല്‍ ഈ വിമാനത്താവളം വേണ്ടെന്ന് വയ്ക്കുന്നതുവരെ വിവാദങ്ങളുടെ പരമ്പരയായിരുന്നു ഉയര്‍ന്ന് വന്നത്. ഡല്‍ഹിയില്‍ കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ട് പുതിയൊരു വിമാനത്താവള പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രി, മുന്‍ അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാതെ അതേപാതയിലൂടെ തന്നെ മുന്നോട്ട്‌പോകുന്നതായിട്ടാണ് പ്രകടമായത്.
വിമാനത്താവളത്തിന് വേണ്ടസ്ഥലം സംബന്ധിച്ച് നിയമപരമായ പരിശോധന നടത്താതെയും അനിവാര്യമായ പാരിസ്ഥിതിക-സാമൂഹ്യ പ്രത്യാഘാത പരിശോധനയും സാധ്യതാ പഠനവും വിശ്വാസയോഗ്യമായ രീതിയില്‍ നടത്താതെയും തികച്ചും ഏകപക്ഷീയമായ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിവാദങ്ങള്‍ക്കാണ് ഇടവരുത്തിയിട്ടുള്ളത്. എല്ലാ നടപടി ക്രമങ്ങളും നിയമപരമായ പരിശോധനയും സുതാര്യമായി പൂര്‍ത്തീകരിച്ച് കൊണ്ട് ആക്ഷേപങ്ങള്‍ക്കും അഴിമതിക്കും ഇടവരുത്താതെ പുതിയ വിമാനത്താവളത്തിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതാണ് ഉചിതം. ശബരിമല തീര്‍ത്താടകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിനുവേണ്ടി വ്യവസ്ഥാപിതവും സുതാര്യവുമായ നടപടികളാണ് വേണ്ടതെന്നും സുധീരന്‍ പറഞ്ഞു.