നിലമ്ബൂര്‍ വനത്തില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

181

മലപ്പുറം • നിലമ്പുരിനടുത്ത് എടക്കരയിലെ പടുക്ക വനമേഖലയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ആന്ധ്ര സ്വദേശി കുക്കു എന്ന ദേവരാജ്, കാവേരിയെന്ന അജിത എന്നിവരെ തിരിച്ചറിഞ്ഞു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ആന്ധ്രയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നയാളാണ് ദേവരാജ്. നിലമ്ബൂര്‍ വനമേഖലയില്‍ നേരത്തെ തന്നെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നതാണ്. മേഖലയിലേക്കു കൂടുതല്‍ പൊലീസ് സംഘം പുറപ്പെട്ടു. ഒരു സംഘം പൊലീസുകാര്‍ കാടിനകത്തേക്കു കയറിയിട്ടുണ്ട്. പൊലീസുകാരല്ലാത്ത ആരെയും വനത്തിലേക്കു കടത്തി വിടുന്നില്ല. വനത്തിലുള്ള പൊലീസ് സംഘം ആംബുലന്‍സ് ആവശ്യപ്പെട്ടതായി വിവരമുണ്ട്.

നിലമ്ബൂര്‍ സൗത്ത് ഡിവിഷനു കീഴിലെ കരുളായി റെയിഞ്ചില്‍ പെട്ടതാണു സ്ഥലം. ജനവാസ കേന്ദ്രത്തില്‍ നിന്നു നാലു കിലോമീറ്റര്‍ അകലെ വനത്തിലാണു വെടിവയ്പു നടന്നത്. ഇവിടെ മാവോയിസ്റ്റുകളുടെ ബേസ് ക്യാംപ് പ്രവര്‍ത്തിച്ചിരുന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് തയാറാക്കിയ പദ്ധതിപ്രകാരമാണ് ഇന്ന് തിരച്ചില്‍ തുടങ്ങിയത്. പുലര്‍ച്ചെ നാലുമണിക്കാണ് 60 പേരുടെ തണ്ടര്‍ബോള്‍ട്ട് സംഘം മാവോയിസ്റ്റ് വേട്ടയ്ക്കിറങ്ങിയത്. മലപ്പുറം എസ്പിയും സംഘത്തിലുണ്ടായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ഏറ്റുമുട്ടല്‍ ആരംഭിച്ചു. ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര ഇന്റലിജന്റ്സ് മേധാവി സംസ്ഥാന പൊലീസ് മേധാവിയുമായി ബന്ധപ്പെട്ടു. സൈലന്റ്വാലിയിലെയും നിലമ്ബൂരിലെയും പൊലീസ്- ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

NO COMMENTS

LEAVE A REPLY