ഇടുക്കിയിലെ അഞ്ചുരുളി വനമേഖലയില്‍ നിന്നും അപൂര്‍വ്വ ഇനത്തില്‍ പെട്ട വവ്വാലുകളെ വേട്ടയാടിയ രണ്ടുപേരെ വനപാലകര്‍ പിടികൂടി. ഇവരില്‍ നിന്ന് കൊന്നു സൂക്ഷിച്ച 265 വവ്വാലുകളെ കണ്ടെത്തി. വനം വകുപ്പിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് അയ്യപ്പന്‍കോവില്‍ റേഞ്ച് ഓഫീസര്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിനിടയില്‍ വ്യഴാഴ്ച രാത്രി അഞ്ചുരുളിയില്‍ വച്ചാണ് നായാട്ട് സംഘത്തെ പിടികൂടിയത്. കട്ടപ്പന, കൊച്ചു മണ്ണൂര്‍ വീട്ടില്‍ ബാബു ജോസഫ്, നരിയംപാറ പാലപ്ലാക്കല്‍ റെജി എന്നിവരാണ് പിടിയിലായത്. അഞ്ചുരുളി തുരങ്കത്തിനുള്ളില്‍ നിന്ന് പ്രത്യേകം തയ്യാറാക്കിയ കെണിയുപയോഗിച്ചാണ് ഇവര്‍ വവ്വാലുകളെ പിടികൂടിയത്. ഇവര്‍ പിടികൂടി കൊന്ന 265 വവ്വാലുകളെ ചാക്കിലാക്കി കൈവശം വച്ചിരുന്നു. പശ്ചിമഘട്ട മലനിരകളില്‍ മാത്രം കാണുന്ന അപൂര്‍വ്വ ഇനത്തില്‍ പെട്ട ‘സലിം ആലിസ് ഫ്രൂട്ട് ബാറ്റ് ‘ വവ്വാലുകളെയാണ് ഇവര്‍ പിടിച്ചത്. ശ്വാസം മുട്ടലിന് മരുന്നായി ഇതിന്റെ ഇറച്ചി ഉപയോഗിക്കാനാണ് വവ്വാലുകളെ പിടിച്ചതെന്ന് പിടിയിലായവര്‍ വനം വകുപ്പ് ഉദോഗഥരോട് പറഞ്ഞു. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി.