ഹര്‍ത്താല്‍ : ജനജീവിതം സ്തംഭിച്ചു

194

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍, സഹകരണ വിഷയത്തില്‍ ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു. ഹര്‍ത്താലിനെത്തുടര്‍ന്ന് റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും വന്നിറങ്ങിയ യാത്രക്കാര്‍ തുടര്‍ യാത്രക്ക് വാഹനം കിട്ടാതെ ദുരിതത്തിലാണ്. വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും തുറന്നില്ല.
മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് ഹര്‍ത്താല്‍ കൂടുതലും ബാധിച്ചത്. സംസ്ഥാനത്തെമ്ബാടും കെ.എസ്.ആര്‍.ടിസി ബസ് സര്‍വീസുകള്‍ ഏതാണ്ട് പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിവെച്ചു. ചുരുക്കം ചില സ്ഥലങ്ങളിലൊഴികെ മറ്റെല്ലായിടത്തും പൊതു ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും സ്തംഭിച്ചു.

അതേസമയം വയനാട്ടിലെ കല്‍പ്പറ്റയിലൊഴികെ കേരളത്തിലെങ്ങും വാഹനങ്ങള്‍ തടയുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പത്തനംതിട്ടയില്‍ ശബരിമല സര്‍വീസുകള്‍ കെ.എസ്.ആര്‍.ടിസി സര്‍വീസുകള്‍ നടത്തുന്നത് ഗതാഗത പ്രശ്നങ്ങള്‍ക്ക് ചെറിയ ആശ്വാസം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് കെഎസ്‌ആര്‍ടിസി പമ്ബാ സര്‍വീസ് നടത്തുന്നുണ്ട്.
ശബരിമല തീര്‍ഥാടനം പ്രമാണിച്ചു പത്തനംതിട്ട ജില്ലയില്‍ റാന്നി താലൂക്ക്, ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകള്‍, കോട്ടയം ജില്ലയില്‍ എരുമേലി പഞ്ചായത്ത്, ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ നഗരം എന്നിവിടങ്ങളിലെ ശബരിമല ഇടത്താവളങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിട്ടുണ്ട്. അതിനാല്‍ ശബരിമല തീര്‍ഥാടകരെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല.എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, മഞ്ഞപ്ര, ചോറ്റാനിക്കര എന്നീ പ്രദേശങ്ങളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൂര്‍ണത്രയീശ ക്ഷേത്രത്തിലെ കൊടിയേറ്റാണ് തൃപ്പൂണിത്തുറയെ ഒഴിവാക്കാന്‍ കാരണം. ജില്ലയിലെ പ്രധാന ശബരിമല ഇടത്താവളമായതിനാലാണ് ചോറ്റാനിക്കരയെ ഒഴിവാക്കിയത്. മഞ്ഞപ്രയില്‍ പള്ളിയില്‍ പെരുന്നാളാണ്.
അതേസമയം ഇടുക്കി, എറണാകുളം ജില്ലകളില്‍ വിനോദ സഞ്ചാരികളെ ഹര്‍ത്താല്‍ ബാധിച്ചിട്ടുണ്ട്. എറണാകുളത്ത് ഐ.ടി മേഖലയെ കാര്യമായി തന്നെ പ്രതിസന്ധിയിലാക്കി. കൊച്ചിയില്‍ ഫാക്ടറികളൊന്നും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല.
സംസ്ഥാനത്തെമ്ബാടും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൊഴികെ ബാങ്കിങ് മേഖലയെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല. വടക്കന്‍ ജില്ലകളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില വളരെം കുറവാണ്. ഭരണകക്ഷി നടത്തുന്ന ഹര്‍ത്താലായതിനാല്‍ സര്‍വീസ് സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണ നല്‍കുന്നതാണ് സര്‍ക്കാര്‍ ഓഫീസുകളെ ബാധിച്ചത്.
അതേസമയം വയനാട് നാടുകാണിച്ചുരത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് വാഹനങ്ങള്‍ ജില്ലയിലേക്ക് കടക്കാനാകാതെ കെട്ടിക്കിടക്കുന്നത് പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ബാങ്കുകള്‍ക്കും, എടിഎമ്മുകള്‍ക്കും മുന്നില്‍ നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് സംസ്ഥാനത്ത് നിരത്തിലിറങ്ങിയിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ ഹര്‍ത്താല്‍ ഭാഗികമാണ്.അതേസമയം ഇന്നു സാധാരണനിലയില്‍ സര്‍വീസ് നടത്താന്‍ ജീവനക്കാര്‍ക്കു കെഎസ്‌ആര്‍ടിസി എം.ഡി നിര്‍ദേശം നല്‍കിയിരുന്നു. ക്രമസമാധാന പ്രശ്നമുണ്ടായാല്‍ പൊലീസ് സഹായം തേടണമെന്നും എം.ഡി. എം.ജി. രാജമാണിക്യം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ എംഡിയുടെ നിര്‍ദേശം ഭാഗികമായി മാത്രമാണ് നടപ്പാക്കാനായത്. പൊലീസ് അകമ്ബടിയോടെ ചുരുക്കം ചില സര്‍വീസുകള്‍ മാത്രമേ നടത്താനായുള്ളെന്നാണു പ്രാഥമിക വിവരം.

NO COMMENTS

LEAVE A REPLY