ബാങ്കില്‍ ഇന്നു മുതല്‍ നിക്ഷേപിക്കുന്ന പണം പിന്‍വലിക്കാന്‍ നിയന്ത്രണമില്ല

184

മുംബൈ• നിക്ഷേപിച്ച തുക ബാങ്കില്‍നിന്നു പിന്‍വലിക്കാന്‍ കൂടുതല്‍ ഇളവുകളുമായി റിസര്‍വ് ബാങ്ക്. ഇന്നുമുതല്‍ അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിച്ചു നടത്തുന്ന നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ നിയന്ത്രണം ഉണ്ടാവില്ല. ബാങ്കില്‍നിന്നു സ്ലിപ് എഴുതി എപ്പോള്‍ വേണമെങ്കിലും ആവശ്യത്തിനു പണം എടുക്കാം. ഇളവ് ഇന്നു മുതലുള്ള നിക്ഷേപങ്ങള്‍ക്കാണ്. മുന്‍ നിക്ഷേപങ്ങള്‍ക്കു നിയന്ത്രണം തുടരുമെന്നും ആര്‍ബിഐ അറിയിച്ചു. ഇന്നലെവരെ നിക്ഷേപിച്ച തുകയില്‍നിന്നു പിന്‍വലിക്കാവുന്ന തുക ആഴ്ചയില്‍ 24,000 രൂപ, ദിവസം 2,500 രൂപ എന്ന നിയന്ത്രണം തുടരും. എടിഎം വഴി പണം എടുക്കുന്നതിന് ഇളവു ബാധകമല്ല. ഇങ്ങനെ നിക്ഷേപിക്കുന്ന തുക പിന്‍വലിക്കുമ്ബോള്‍ പുതിയ 500, 2000 നോട്ടുകളാകും നല്‍കുകയെന്നും റിസര്‍വ് ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു. പുതിയ കറന്‍സി വാങ്ങിയവര്‍ അതു കയ്യില്‍ സൂക്ഷിക്കുന്നതു തടയുന്നതിനും വിപണിയില്‍ പുതിയ നോട്ട് കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിനും ആണ് റിസര്‍വ് ബാങ്കിന്റെ നടപടി. വിവാഹ ആവശ്യങ്ങള്‍ക്കു പിന്‍വലിക്കാവുന്ന തുകയുടെ പരിധി രണ്ടര ലക്ഷമാക്കി കുറച്ചതിനെതിരെ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്നു പരിഗണിക്കും. വിവാഹാവശ്യങ്ങള്‍ക്ക് ഈ തുക മതിയാവില്ലെന്നും ഇളവു വേണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

NO COMMENTS

LEAVE A REPLY