ന്യൂഡല്‍ഹി• അമിത സ്വര്‍ണം കൈവശം വയ്ക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ നീക്കം. കള്ളപ്പണത്തിന്റെ ഒഴുക്കു നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 500, 1000 രൂപാ നോട്ടുകള്‍ ഒറ്റയടിക്ക് അസാധുവാക്കിയ നടപടിക്കു പിന്നാലെയാണ് അമിത അളവില്‍ സ്വര്‍ണം കൈവശം വയ്ക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നോട്ടുകള്‍ അസാധുവാക്കിയതോടെ കള്ളപ്പണം വെളുപ്പിക്കാന്‍ ആളുകള്‍ സ്വര്‍ണ സമ്പാദ്യത്തെ കൂട്ടുപിടിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ അളവിന് പരിധി നിശ്ചയിച്ച് ധനകാര്യ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് വിവാഹിതയായ സ്ത്രീക്ക് പരമാവധി കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് 500 ഗ്രാമായി (62.5 പവന്‍) നിജപ്പെടുത്തി. അവിവാഹിതരായ സ്ത്രീകള്‍ക്ക് 250 ഗ്രാം (31.25 പവന്‍) സ്വര്‍ണവും പുരുഷന്‍മാര്‍ക്ക് 100 ഗ്രാം (12.5 പവന്‍) സ്വര്‍ണവും കൈവശം വയ്ക്കാമെന്നാണ് ഉത്തരവ്. കണക്കു വെളിപ്പെടുത്തിയ വരുമാനം ഉപയോഗിച്ചു വാങ്ങിയ സ്വര്‍ണത്തിന് ആദായനികുതി ഏര്‍പ്പെടുത്തില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മേല്‍പ്പറഞ്ഞ അളവുകളില്‍ കൂടുതല്‍ സ്വര്‍ണം കൈവശം സൂക്ഷിച്ചാല്‍ അത് ആദായനികുതി വകുപ്പിന് റെയ്ഡ് നടത്തി പിടിച്ചെടുക്കാമെന്നും ഉത്തരവില്‍ നിഷ്കര്‍ഷിക്കുന്നു.