ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട നേതാവിനെ പിടികൂടിയതിന് രാത്രി ഡിവൈഎഫ്‌ഐ യുടെ പോലീസ് സ്റ്റേഷന്‍ ആക്രമണം

241

വെള്ളറട: ക്രിമിനല്‍ കേസുകളില്‍ വരെ പ്രതിചേര്‍ക്കപ്പെട്ട നേതാവിനെ പിടികൂടിയതിന് രാത്രി ഡിവൈഎഫ്‌ഐ യുടെ പോലീസ് സ്റ്റേഷന്‍ ആക്രമണം. കല്ലേറിലും ആക്രമണത്തിലും പോലീസുകാരന് പരിക്കേറ്റു. ഓഫീസിന്‍റെ രണ്ടു ജനല്‍പാളികള്‍ തകര്‍ന്നു. സ്റ്റേഷനുള്ളില്‍േക്ക ഓടിക്കയറിയാണ് പോലീസ് രക്ഷനേടിയത്. നിരവധി കേസുകളില്‍ പ്രതിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കാനക്കോട് തുണ്ടു വിളാകം വീട്ടില്‍ പ്രിന്‍സ് (25) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തില്‍ ആംഡ് റിസര്‍വ് പോലീസിലെ പി പ്രശാന്തിനാണ് പരിക്കേറ്റത്. പ്രിന്‍സിനെ ഇന്നലെ ഉച്ചയ്ക്ക് ഗ്രേഡ് എഎസ്‌ഐ ഹെന്‍റേഴ്സണ്‍ കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം ഓഫീസര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടുള്ള റോഡ് ഉപരോധവും പിന്നെ സ്റ്റേഷന്‍ ആക്രമണവുമായി മാറുകയായിരുന്നു.

ആക്രമണം കല്ലേറായി മാറിയതോടെ പോലീസുകാരര്‍ സ്റ്റേഷനുള്ളിലേക്ക് ഓടി. 30 ലധികം വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ നേരിടാന്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നത് ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന എട്ട് പോലീസുകാര്‍ മാത്രമായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ പ്രശാന്തിനെ ആശുപത്രിയിലേക്ക് മാറ്റി. കല്ലേറില്‍ പാറശ്ശാല സിഐ യുടെ വാഹനത്തിന്‍റെ ചില്ലും ആള്‍ക്കാര്‍ എറിഞ്ഞു തകര്‍ത്തു.
മുന്‍ സിഐയെ ആക്രമിച്ചത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ പ്രിന്‍സിനെ ഹെന്‍റേഴ്സണ്‍ കസ്റ്റഡിയില്‍ എടുക്കുകയും ബലം പ്രയോഗിച്ച്‌ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. തുടര്‍ന്ന് ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ എത്തി. ഇതിനിടയില്‍ കുഴഞ്ഞു വീണ പ്രിന്‍സിനെ ആശുപത്രിയില്‍ എത്തിക്കണം എന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ബഹളം വെച്ചു. ആംബുലന്‍സ് വിളിച്ച്‌ അവര്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്തു. പ്രതിയോടൊപ്പം ആംബുലന്‍സില്‍ കയറാന്‍ പ്രവര്‍ത്തകര്‍ പോലീസിനെ അനുവദിച്ചുമില്ല.

പിന്നീട് പോലീസ് വേറെ വാഹനത്തില്‍ ആശുപത്രിയിലേക്ക് പോയി. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഡിവൈഎസ്പി നേതാക്കളുമായി ചര്‍ച്ച നടത്തി. പ്രിന്‍സിനെ പിടിച്ച ഓഫീസര്‍ക്കെതിരേ നടപടി വേണമെന്ന് ഇവര്‍ വാദിച്ചു. പ്രിന്‍സിനെതിരേ രാഷ്ട്രീയ കേസുകളാണ് നിലവിലുള്ളത് എന്നും പ്രതിയെ പിടിച്ച ഓഫീസര്‍ സ്ഥലംമാറ്റം ലഭിച്ചയാളാണെന്നും ഉത്തരവു വന്നതിനു ശേഷം ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴടക്കാന്‍ ശ്രമിച്ചെന്നും നേതാക്കള്‍ വാദിച്ചു. നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് തങ്ങള്‍ സമരം നടത്തിയതെന്നും പറഞ്ഞു. പക്ഷേ ഹെന്‍റേഴ്സണ് ബാലരാമപുരം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റത്തിന് ഉത്തരവായെങ്കിലും റിലീസ് ചെയ്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച്‌ എസ്പിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാമെന്ന് ഡിവൈഎസ്പി ഉറപ്പ് നല്‍കിയതോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചത്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്നും പ്രിന്‍സിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു. ഏകദേശം ഒന്പതു കേസുകളോളം പ്രിന്‍സിനെതിരേ നിലവിലുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെ കോണ്‍ഗ്രസ് അപലപിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY