രഞ്ജി ട്രോഫി : ത്രിപുരയ്ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം

175

കട്ടക് • രഞ്ജി ട്രോഫിയിലെ നിര്‍ണായക മല്‍സരത്തില്‍ ത്രിപുരയ്ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം. ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ മല്‍സരത്തിലാണ് ശക്തമായി തിരിച്ചടിച്ച്‌ കേരളം ഏഴു വിക്കറ്റ് വിജയം സ്വന്തമാക്കിയത്. സീസണില്‍ കേരളത്തിന്‍റെ ആദ്യ വിജയമാണിത്. 183 റണ്‍സ് വിജലക്ഷ്യവുമായിറങ്ങിയ കേരളം മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഒന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ഓപ്പണര്‍മാരായ മുഹമ്മദ് അസ്ഹറുദ്ദീന്‍-ഭവിന്‍ താക്കര്‍ സഖ്യമാണ് കേരളത്തിന് അനായാസ ജയം സമ്മാനിച്ചത്. അസ്ഹറുദ്ദീന്‍ സെഞ്ചുറിക്ക് ഒരു റണ്‍ അകലെയും താക്കര്‍ അര്‍ധസെഞ്ചുറിക്ക് മൂന്നു റണ്‍സ് അകലെയും പുറത്തായി.
സ്കോര്‍: ത്രിപുര – 213, 162, കേരളം – 193, മൂന്നിന് 183.

രണ്ടാം ഇന്നിങ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 17 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനമായ ഇന്ന് ബാറ്റിങ് ആരംഭിച്ച ത്രിപുരയ്ക്ക് കേരളത്തിന്‍റെ ബോളിങ് ആക്രമണത്തിന് മുന്നില്‍ അടിപതറി. സ്കോര്‍ബോര്‍ഡില്‍ 42 റണ്‍സ് ഉള്ളപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായ അവര്‍ക്ക് 120 റണ്‍സ് ചേര്‍ക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകളും നഷ്ടമായി. 54 റണ്‍സെടുത്ത എസ്.കെ.പട്ടേലാണ് അവരുടെ ടോപ് സ്കോറര്‍. പട്ടേലുള്‍പ്പെടെ ത്രിപുര നിരയില്‍ രണ്ടക്കം കടക്കാനായത് അഞ്ചു പേര്‍ക്ക് മാത്രം. 7.1 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ അക്ഷയ് ചന്ദ്രന്‍, 14 ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ഇക്ബാല്‍ അബ്ദുല്ല എന്നിവരാണ് ത്രിപുര ബാറ്റിങ് നിരയെ തകര്‍ത്തത്. അക്ഷയ് ചന്ദ്രന്‍ ആദ്യ ഇന്നിങ്സില്‍ 36 റണ്‍സും നേടിയിരുന്നു. സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സില്‍ ത്രിപുര പതറിയ അതേ പിച്ചില്‍ കേരളത്തിന്റെ ഓപ്പണര്‍മാര്‍ തകര്‍ത്തടിച്ചതോടെ മൂന്നാം ദിനം തീരുമ്ബോഴേക്കും കളി കേരളത്തിന്റെ വരുതിയിലായി. ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ച മുഹമ്മദ് അസ്ഹറുദ്ദീനാണ് മല്‍സരത്തില്‍ കേരളത്തിന് മേല്‍ക്കൈ സമ്മാനിച്ചത്. 98 പന്തുകള്‍ നേരിട്ട അസ്ഹറുദ്ദീന്‍ 14 ബൗണ്ടറികളുള്‍പ്പെടെ 80 റണ്‍സെടുത്ത് പുറത്താകാതെ നില്‍പ്പുണ്ട്. ആദ്യ ഇന്നിങ്സില്‍ 40 റണ്‍സെടുത്ത അസ്ഹറുദ്ദീനായിരുന്നു കേരളത്തിന്‍റെ ടോപ് സ്കോറര്‍. 76 പന്തുകള്‍ നേരിട്ട താക്കര്‍, ആറു ബൗണ്ടറികളോടെ 37 റണ്‍സെടുത്ത് കൂട്ടിനുണ്ട്. അവസാന ദിനമായ വെള്ളിയാഴ്ച അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ വിജയത്തോടെ കേരളം എലൈറ്റ് പ്രതീക്ഷകള്‍ നിലനിര്‍ത്തുമെന്ന് ചുരുക്കം.

NO COMMENTS

LEAVE A REPLY