കൊച്ചിയിലെ ഭിക്ഷാടന മാഫിയയെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക സംഘം

217

കൊച്ചിയിലെ ഭിക്ഷാടന മാഫിയയെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ അരുള്‍ ബി കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്കാര്യം അന്വേഷിക്കുന്നത്. നഗരത്തില്‍ പലയിടത്തും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം എന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍, ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് എറണാകുളം റേഞ്ച് ഐ.ജി എസ് ശ്രീജിത്ത് അറിയിച്ചു. കൊച്ചി നഗരത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന നിരവധി പരാതികള്‍ അടുത്തിടെ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ എറണാകുളം റേഞ്ച് ഐ.ജി നിര്‍ദ്ദേശിച്ചത്. ഡിസിപി അരുള്‍ ബി കൃഷ്ണയുടെ നേതൃത്വത്തിലുള്ള 20 അംഗസംഘമാണ് കേസുകള്‍ അന്വേഷിക്കുക. ഇതുവരെ പിടിയിലായ ഇതര സംസ്ഥാന തൊഴിലാളികളികളുടെ ബാങ്ക് ഇടപാടുകളെ കുറിച്ചും സംഘം അന്വേഷിക്കും. ഭിക്ഷാടകര്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങളിലും അന്യസംസ്ഥാന തൊഴിലാളി ക്യാമ്ബുകളിലും പ്രത്യേക പരിശോധനകള്‍ നടത്തും. എന്നാല്‍, കുട്ടികളെ കേന്ദ്രീകരിച്ച്‌ സംഘടിതമായ തട്ടിക്കൊണ്ടു പോകല്‍ നീക്കമില്ലെന്നും ഇക്കാര്യത്തില്‍ ആശങ്കയുടെ ആവശ്യമില്ലെന്നും ഐ.ജി അറിയിച്ചു. അടുത്ത കാലത്ത് ഉയര്‍ന്ന മുഴുവന്‍ പരാതികളെക്കുറിച്ചും സംഘം വിശദമായി അന്വേഷിക്കും. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന വലിയ റാക്കറ്റ് നഗരത്തിലെത്തിയതായി സൂചനയില്ല. പക്ഷേ, ഒറ്റപ്പെട്ട സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഐ.ജി പറഞ്ഞു. കഴിഞ്ഞ ദിവസം പള്ളുരുത്തിയില്‍ അഞ്ചു വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ആന്ധ്ര സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY