ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് മൂന്നാർ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് അറസ്റ്റിലായി. ചങ്ങനാശ്ശേരി സ്വദേശി മുഹമ്മദ് ഷാമോനാണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി മുഹമ്മദ് ഷാമോനാണ് അറസ്റ്റിലായത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. കൺട്രോൾ റൂമിൽനിന്നെന്ന് പറഞ്ഞ് മൂന്നാർ പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ കോൾ എത്തുന്നു. ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ പിറ്റേന്ന് മൂന്നാറിൽ എത്തുമെന്നും വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കണമെന്നുമായിരുന്നു ഫോൺകോളിന്റെ ഉള്ളടക്കം. തുടർന്നാണ് മുഹമ്മദ് ഷാമോൻ മൂന്നാർ സ്റ്റേഷനിലെത്തുന്നത്.
മൂന്നാറിൽ ചില തർക്കങ്ങൾ പരിഹരിക്കാനുണ്ടെന്നും പൊലീസ് വാഹനം വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടു. സംശയം തോന്നിയ എസ്.ഐ. ജിതേഷ് ഐ ഡി കാർഡ് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഐഡി കാര്‍ഡ് ഹോട്ടൽ റൂമിലാണെന്നായിരുന്നു മറുപടി. തുടർന്ന് മൂന്നാർ ഡിവൈഎസ്പി അനിരുദ്ധൻ എത്തി ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്. മുഹമ്മദ് ഷാമോന്റെ ബാഗിൽനിന്നും യൂണിഫോമും വ്യാജരേഖകളും കണ്ടെത്തി. ഇടുക്കി എസ്പി എ.വി. ജോർജിന്റെ നിർദ്ദേശപ്രകാരം മുഹമ്മദ് ഷാമോന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ഇയാൾ വൻ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.