കള്ളപ്പണം വെളുപ്പിക്കാന്‍ ഒത്താശ ചെയ്ത 4 പേര്‍ അറസ്റ്റില്‍

212

ന്യൂഡല്‍ഹി • പഴയ നോട്ടുകള്‍ക്കു പകരം പുതിയ നോട്ടുകള്‍ നല്‍കുന്നതില്‍ ക്രമക്കേടു കാട്ടിയ രണ്ടു ബാങ്ക് ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലും സമാന തട്ടിപ്പിനു കൂട്ടുനിന്ന രണ്ടു പേര്‍ ബെംഗളൂരുവിലും അറസ്റ്റിലായി. ഡല്‍ഹിയില്‍ ആക്സിസ് ബാങ്ക് കശ്മീരി ഗേറ്റ് ബ്രാഞ്ച് മാനേജര്‍മാരായ ശോഭിത് സിന്‍ഹ, വിനീത് സിന്‍ഹ എന്നിവരെയാണ് എന്‍ഫോഴ്സ്മെന്റ് വിഭാഗം അറസ്റ്റ് ചെയ്തത്. നാലുപേരില്‍ നിന്നായി 5.63 കോടി രൂപയുടെ പുതിയ കറന്‍സി പിടിച്ച കേസില്‍ നസീര്‍ അഹമ്മദ്, ചന്ദ്രകാന്ത് രാമലിംഗം എന്നിവരെ ബെംഗളൂരുവില്‍ സിബിഐ അറസ്റ്റ് ചെയ്തു. ആക്സിസ് ബാങ്കിലെ ക്രമക്കേടിനു കൂട്ടുനിന്നതിനു പകരമായി ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച സ്വര്‍ണ ബിസ്കറ്റുകള്‍ ലക്നൗവില്‍ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു.

കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായി ആക്സിസ് ബാങ്ക് അറിയിച്ചു. ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനങ്ങളായ ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി എന്നിവ ഉപയോഗിച്ച്‌ കള്ളപ്പണം വെളുപ്പിക്കാന്‍ ഇവര്‍ കൂട്ടുനിന്നുവെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട് നഗരത്തിലെ ചില പ്രമുഖ വ്യവസായികളുടെ പങ്ക് അന്വേഷിച്ചുവരികയാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. പുതിയ 2000, 500 നോട്ടുകളുള്‍പ്പെട്ട മൂന്നരക്കോടി രൂപയുമായി രണ്ടുപേര്‍ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ അറസ്റ്റില്‍ കലാശിച്ചത്. ബെംഗളൂരുവില്‍ നാലുപേരില്‍ നിന്നായി 5.63 കോടി രൂപയുടെ പുതിയ കറന്‍സി പിടിച്ച കേസില്‍ കുടുങ്ങിയവരെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയശേഷം അഞ്ചു ദിവസത്തേക്കു സിബിഐ കസ്റ്റഡിയില്‍ വിട്ടു. ബാങ്ക് ഉദ്യോഗസ്ഥരുമായി ചേര്‍ന്നുള്ള ഗൂഢാലോചനയിലൂടെ എടിഎം സര്‍വീസിങ് കമ്ബനിയാണു വന്‍ തട്ടിപ്പു നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റുണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു. ബെംഗളൂരുവില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ വീടുകളും എടിഎം സര്‍വീസിങ് കമ്ബനിയുടെയും കര്‍ണാടക ബാങ്ക്, ധനലക്ഷ്മി ബാങ്ക് ഓഫിസുകളും ഉള്‍പ്പെടെ പത്തോളം ഇടങ്ങളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു. റിസര്‍വ് ബാങ്കില്‍നിന്നു ലഭിച്ച തുകയും ബാങ്ക് വഴി വിതരണം ചെയ്ത തുകയും താരതമ്യം ചെയ്യാനാണു ശ്രമം. കര്‍ണാടക ബാങ്കിലെയും ധനലക്ഷ്മി ബാങ്കിലെയും ചില ഉദ്യോഗസ്ഥര്‍ക്കു ഗൂഢാലോചനയില്‍ പങ്കുള്ളതായി സിബിഐ വെളിപ്പെടുത്തി.

NO COMMENTS

LEAVE A REPLY