ശ്രീനഗര്‍: കഴിഞ്ഞ സപ്തംബര്‍ 18ന് ഉറിയിലെ സൈനിക താവളത്തിനു നേരെയുണ്ടായ ആക്രമണത്തിന് തീവ്രവാദികള്‍ക്ക് വഴികാട്ടിയത് പത്താം ക്ലാസുകാരായ രണ്ട് പാകിസ്താനി വിദ്യാര്‍ഥികളെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണം നടന്ന് മൂന്ന് ദിവസത്തിനകം ഫൈസല്‍ ഹുസൈന്‍ അവാന്‍, അക്സാന്‍ ഖുര്‍ഷിദ് എന്നിവരെ സൈന്യം അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നാലംഗ ജെയ്ഷെ ഇ മുഹമ്മദ് തീവ്രവാദികളെ നുഴഞ്ഞു കയറാന്‍ സഹായിച്ചതായി വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഫൈസല്‍ പാക് അധീന കശ്മീര്‍ സ്വദേശിയും അക്സാന്‍ ഖുര്‍ഷിദ് മുസാഫറാബാദിലെ ഖിലയാന ഖുര്‍ദ് സ്വദേശിയുമാണ്. എന്നാല്‍ പിടിയിലായ വിദ്യാര്‍ഥികള്‍ സെപ്റ്റംബര്‍ 17ന് വീട്ടിലുണ്ടായിരുന്നുവെന്നും ഇവരെക്കുറിച്ച് ഇന്ത്യയിലെ ഉന്നത വൃത്തങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ സഹായിക്കണമെന്നും അവാന്റെ ജ്യേഷ്ട സഹോദരന്‍ ഗുലാം മുസ്തഫ ടബാസം പറഞ്ഞു. ഫൈസല്‍ മികച്ച വിദ്യാര്‍ഥിയായിരുന്നു. എല്ലാവരോടും നല്ല പെരുമാറ്റവുമായിരുന്നു. ഒമ്ബതാക്ലാസ് നിന്ന് ഒന്നാം സ്ഥാനക്കാരനായാണ് പാസായതെന്നും ഫൈസല്‍ പഠിച്ചിരുന്ന ഷാഹീന്‍ മോഡല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബശാറത്ത് ഹുസൈന്‍ പറഞ്ഞു. സപ്തംബര്‍ 18നുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. 28 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈനികരുടെ വിശ്രമ കേന്ദ്രത്തിനു നേരെ നാല് തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ നാലു തീവ്രവാദികളെയും സൈന്യം വധിക്കുകയായിരുന്നു.