ന്യൂഡല്‍ഹി • ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള മദ്യശാലകളുടെ എല്ലാ ബോര്‍ഡുകളും നീക്കംചെയ്യാന്‍ ഉത്തരവു നല്‍കുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഈ മദ്യഷോപ്പുകള്‍ അടയ്ക്കാന്‍ ഹൈവേ അതോറിറ്റികള്‍ക്ക് ഉത്തരവു നല്‍കുമെന്നു കോടതി സൂചന നല്‍കി. യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് ഇങ്ങനെ ചിന്തിക്കുന്നതെന്നും വാഹനാപകടങ്ങളുടെ ഒരുകാരണം മദ്യഷോപ്പുകളും ബോര്‍ഡുകളും കാണുമ്ബോള്‍ ഡ്രൈവര്‍മാര്‍ക്കു ചാഞ്ചല്യമുണ്ടാകുന്നതാണെന്നും ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. പാതയോരങ്ങളില്‍ മദ്യഷാപ്പിന് അനുമതി നല്‍കരുതെന്ന കേന്ദ്ര നിര്‍ദേശം നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരുകളെ കോടതി നിശിതമായി വിമര്‍ശിച്ചു. ഇതു സംബന്ധിച്ചു വിവിധ ഹൈക്കോടതികളുടെ ഉത്തരവിനെ ചോദ്യംചെയ്തു സമര്‍പ്പിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കുകയായിരുന്നു സുപ്രീം കോടതി.