കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലും പരിസരത്തും അലക്ഷ്യമായി വലിച്ചെറിഞ്ഞ പാഴ്‌വസ്തുക്കള്‍ സംസ്‌കരിച്ചെടുത്ത് നിര്‍മ്മിച്ച പ്രധാന സാംസ്‌കാരിക വേദി കൊച്ചി മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ ഉദാത്ത കലാസൃഷ്ടിയായി മാറുന്നു. തനതു കേരളീയ മാതൃകയില്‍ പ്രശസ്ത ആര്‍ക്കിടെക്ട് ടോണി ജോസഫ് രൂപകല്‍പന ചെയ്തിരിക്കുന്നപവിലിയനില്‍ 300 പേര്‍ക്കിരിക്കാം. 4157 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ പവിലിയന്‍ പൂര്‍ണമായും ശീതീകരിച്ചതാണ്. പരമ്പരാഗത തിയേറ്ററിന്റെ പ്രതീതി ഇതിനു ലഭിക്കുന്നു.
ഗൃഹാതുരത്വമുണര്‍ത്തുന്ന അനുഭവം നല്‍കാന്‍ ഈ രൂപകല്‍പനയിലൂടെ സാധിച്ചിട്ടുണ്ടെന്ന് ആര്‍ക്കിടെക്ട് ടോണി ജോസഫ് പറഞ്ഞു. ഓര്‍മ്മ, നിറം, വികാരം,അനുഭൂതി എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ മനസില്‍ ഉണര്‍ത്താന്‍ ഇതിനു കഴിയും. പാഴ്‌വസ്തുക്കള്‍ പുനരുപയോഗിച്ചതിലൂടെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധമുണര്‍ത്താന്‍ കഴിയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫോര്‍ട്ട് കൊച്ചിയുടെ നിര്‍മ്മാണഛായയില്‍ നിന്നാണ് പവിലിയന്റെ രൂപകല്‍പന സ്വാംശീകരിച്ചത്. ഒഴിഞ്ഞു കിടക്കുന്ന ഗോഡൗണുകളും പുനരുപയോഗിച്ച കെട്ടിടങ്ങളുമെല്ലാം പ്രചോദനമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇഷ്ടിക കഷണങ്ങള്‍, കല്ലുകള്‍, എന്നിവ കൊണ്ടാണ് അവശിഷ്ട ഭിത്തിയുണ്ടാക്കിയിരിക്കുന്നത്. കബ്രാള്‍ യാര്‍ഡിലെ മണ്ണുമാറ്റിയപ്പോള്‍ ലഭിച്ചതാണിവയൊക്കെ. ഇതു കൂടാതെ സമീപ പ്രദേശങ്ങളില്‍ നിന്നു ശേഖരിച്ച പഴയ സാരി, സംസ്‌കരിച്ച തടി കൊണ്ടുണ്ടാക്കിയ ചട്ടക്കൂട് എന്നിവ കൊണ്ട് നിര്‍മ്മിച്ച മേല്‍ക്കൂരയിലൂടെ വെളിച്ചവും നിറങ്ങളും ഒഴുകിയിറങ്ങുന്നു. ഗാലറികള്‍ ഉണ്ടാക്കിയിരിക്കുന്നത് കമുകിന്‍തടി കൊണ്ടാണ്. പിന്നോട്ട് പൊങ്ങി നില്‍ക്കുന്ന മാതൃകയില്‍ തറയില്‍ ചുണ്ണാമ്പും മണ്ണും ചേര്‍ത്ത് പണിതിരിക്കുന്നു. നൃത്ത-നൃത്യങ്ങള്‍, കവിത പാരായണം, സെമിനാര്‍, ചലച്ചിത്ര പ്രദര്‍ശനം, മത്സരങ്ങള്‍ എന്നിവയെല്ലാം നടത്താന്‍ തക്ക വിധമാണ് നിര്‍മ്മാണം. പിന്‍വശം പൂര്‍ണമായും തുറന്നിടാവുന്ന രീതിയിലാണ് പവിലിയന്‍ പണിതിരിക്കുന്നത്.കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ കാണുന്നതുപോലുള്ള ഗാലറിയാണ് ഒരുക്കിയിട്ടുള്ളതെന്ന് ടോണി ജോസഫ് പറയുന്നു. പവിലിയന് മൊത്തത്തില്‍ നാടന്‍ സ്വഭാവം കൊണ്ടുവരാന്‍ ഇതിലൂടെ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
നാടന്‍ ഭാഷയില്‍ മുട്ടം എന്നു പറയുന്ന സ്ഥലത്തു കൂടി വേണം പവലിയനിലേക്ക് കടക്കാന്‍. അവിടുന്നു ചെന്നെത്തുക കളരിത്തറയെ ഓര്‍മ്മിപ്പിക്കുന്നിടത്തേക്കാണ്. അകത്തുപയോഗിച്ചിരിക്കുന്ന ഡിസൈനുകളെല്ലാം കാലങ്ങളായി നമുക്ക് നഷ്ടപ്പെട്ട പഴമയെ ഓര്‍മ്മിപ്പിക്കുന്നു. കെട്ടിടത്തിന്റെ രൂപകല്‍പന തന്നെ കലാസൃഷ്ടിയാണെന്ന് ടോണി ജോസഫ് വ്യക്തമാക്കി. പവിലിയനില്‍ പ്രമേയമാതൃകയില്‍ ഇടേണ്ട കസേര പഴയ മരക്കസേരയില്‍നിന്ന് ഡിസൈന്‍ ചെയ്യാന്‍ യുവ ആര്‍ക്കിടെക്ടുകള്‍ക്കായി മത്സരവും നടക്കുന്നുണ്ട്. ഡിസംബര്‍ 12 മുതല്‍ തുടങ്ങുന്ന ബിനാലെയില്‍ സന്ദര്‍ശകര്‍ക്ക് ഈ പുതിയ കസേരകളിലിരുന്ന പ്രദര്‍ശനങ്ങള്‍ ആസ്വദിക്കാനാകും.
ഏഷ്യന്‍ പെയിന്റ്‌സിന്റെ സഹകരണത്തോടെയാണ് പവലിയന്‍. ശീതീകരണ സംവിധാനവും മറ്റ് സാമഗ്രികളും ഒരുക്കിയിട്ടുള്ളത് ബ്ലു സ്റ്റാര്‍ ലിമിറ്റഡ്, ടിഎല്‍സി എന്നിവരാണ്. ദി ക്യൂബ് പ്രൊജക്ട്, ഇ സി സെന്റര്‍, അലക്‌സ് സിറിയക് അസോസിയേറ്റ്‌സ് ഡിസൈന്‍ സ്‌പെക്ട്രം എന്നിവയാണ് പവലിയന്റെ കണ്‍സല്‍ട്ടന്റ്‌സ്. ഫെറോ പ്ലൈ, കൊച്ചിന്‍ ഗ്രാനൈറ്റ് ഇന്റര്‍നാഷണല്‍, എയര്‍ഡെയില്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, കല്യാണ്‍ കേന്ദ്ര, മായമാതാ ഇന്റീരിയേഴ്‌സ്, കിംഗ്‌സ്പാന്‍ ഇന്‍സുലേഷന്‍സ്, എക്‌സല്‍ ഇന്റെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് നിര്‍മ്മാണ സാമഗ്രികള്‍ എത്തിച്ചത്. എക്‌സിമസ് ടെക്‌നോളജീസ്, അവാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍സ്, സ്തപ്തി ആര്‍ക്കിടെക്ട്‌സ് എന്നിവര്‍ മറ്റ് സഹായങ്ങള്‍ പ്രദാനം ചെയ്തു.